niyama

തിരുവനന്തപുരം: ഭരണത്തുടർച്ചയെന്ന ചരിത്രവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന മുന്നണി ട്രഷറി ബെഞ്ചിൽ. പ്രതിപക്ഷനിരയിൽ പുതുനായകനായി വി.ഡി. സതീശൻ. പതിനഞ്ചാം കേരള നിയമസഭയുടെ മുഖ്യ സവിശേഷത ഇതാണെങ്കിലും പിന്നെയുമുണ്ട് ചരിത്രത്തിൽ കുറിച്ചു വയ്ക്കാൻ. പുതുമുഖങ്ങൾ 52 പേർ. 42 പേരും ഭരണപക്ഷത്ത്. പ്രതിപക്ഷത്ത് 10 പേരും. 21 മന്ത്രിമാരിൽ 17 പേരും ആദ്യമായി ആ പദവിയിലെത്തുന്നവർ. കഴിഞ്ഞ തവണ നേമത്ത് തുറന്ന ബി.ജെ.പി അക്കൗണ്ട് പൂട്ടി പുറത്തായത് മറ്റൊരു പ്രത്യേകത. പ്രതിപക്ഷത്തെ പത്തുപേരിൽ യു.ഡി.എഫ് പിന്തുണയുള്ള ആർ.എം.പിയിലെ കെ.കെ. രമ സ്വതന്ത്ര ബ്ലോക്കിനായി കത്ത് നൽകിയിട്ടുണ്ട്.

ഇന്നാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. തുടർന്നുള്ള രണ്ട് ദിവസം സഭ ചേരില്ല. 28ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപനമാണ്. ജനുവരി 21നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ അവസാന നയപ്രഖ്യാപനം. ഭരണത്തുടർച്ചയായതിനാൽ കാര്യമായ മാറ്റം പുതിയ നയപ്രഖ്യാപനത്തിലുണ്ടാവില്ല. പുതുക്കിയ ബഡ്ജറ്റിന്റെ സ്ഥിതിയും അതുതന്നെയാവും. ജൂൺ നാലിനാണ് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബഡ്ജറ്റവതരണം. ജൂൺ 14വരെയാണ് സഭാ സമ്മേളനം.

ഇന്നലെ കർശനമായ കൊവിഡ് മാനദണ്ഡം പാലിച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. പതിവിന് വിപരീതമായി സന്ദർശകർക്ക് വിലക്കേർപ്പെടുത്തി. ചില പുതിയ അംഗങ്ങളുടെ കുടുംബാംഗങ്ങൾ എത്തിയിരുന്നെങ്കിലും അവർ സഭാമന്ദിരത്തിലെ മറ്റ് മുറികളിലിരുന്ന് ചടങ്ങ് വീക്ഷിച്ചു.