police

കിളിമാനൂർ: സാധാരണയായി വണ്ടി കൈകാണിച്ച് നിറുത്തി ബുക്കും പേപ്പറും ചോദിക്കുന്നതിന് വിപരീതമായി ചരക്കു ലോറികാർക്ക് ഭക്ഷണപൊതിയും കുപ്പിവെള്ളവും നൽകി മാതൃകയാകുകയാണ് കിളിമാനൂർ പൊലീസ്. ജില്ലാതിർത്തിയായ വാഴോട് വാഹനപരിശോധന നടക്കുന്നിടത്താണ് സംഭവം. ലോക്ക്ഡൗണിൽ ജനം പട്ടിണി അറിയാത്തതിന് കാരണം ഇത്തരം ഡ്രൈവർമാരുടെ സേവനം കൊണ്ടുകൂടിയാണ്. ഹോട്ടലുകൾ ഇല്ലാത്തതിനാൽ പട്ടിണിയിലായ ഇവരെ പാഴ്സൽ സംവിധാനമുള്ള കടകൾ കൊവിഡ് വാഹകരായി കണ്ട് മാറ്റി നിറുത്തുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ ഇടപെടൽ. ഹെൽമെറ്റ് വേട്ടയും ലൈസൻസ് പരിശോധനയും മാത്രമല്ല കാരുണ്യപ്രവർത്തനങ്ങളും ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുകയാണ് കിളിമാനൂർ പൊലീസ്. എസ്.ഐ ജയേഷിന്റെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ദീർഘദൂര ചരക്ക് വാഹന ഡ്രൈവർമാർക്ക് ഭക്ഷണപൊതി നൽകുന്നത്.