sp-checking

നാഗർകോവിൽ: തമിഴ്‌നാട്ടിൽ തീവ്ര ലോക്ക്ഡൗൺ നിലവിൽ വന്നു. ഇതോടെ ജില്ലയിലാകെ പൊലീസ് പരിശോധന കർശനമാക്കി. ഇന്ന് മുതൽ 30 വരെയാണ് തമിഴ്നാട് സർക്കാർ തീവ്ര ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. പാൽ, പത്രം, കുടിവെള്ളം എന്നിവ വിതരണം ചെയ്യുന്ന കടകൾ തുറക്കാം. ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ പാടുള്ളു. പലചരക്ക് കടകൾ തുറക്കില്ല. പച്ചക്കറി, പഴ വർഗങ്ങൾ വാഹനങ്ങളിൽ വില്പന നടത്താം. മീൻ, മാംസ വില്പനയും പൊതുഗതാഗതവും അനുവദിക്കില്ല.

 കർശന പരിശോധന

തീവ്ര ലോക്ക്ഡൗണിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലാകെ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇടറോഡുകൾ ബാരിക്കേട് ഉപയോഗിച്ച് അടച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും പിഴ ഇടാക്കുകയും ചെയ്യുന്നുണ്ട്.

 വിവാഹങ്ങൾക്കും വിലക്ക്

തീവ്രലോക്ക് ഡൗണിനെത്തുടർന്ന് വിവാഹങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച വിവാഹങ്ങൾ ലോക്ക്ഡൗൺ കഴിഞ്ഞശേഷം മാത്രമേ നടത്താൻ അനുവാദമുള്ളൂ.