വക്കം: ആരും തിരിഞ്ഞുനോക്കാതെ അവശനായി കഴിഞ്ഞ വൃദ്ധനെ പൊലീസും ആരോഗ്യവകുപ്പും ചേർന്ന് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. വക്കം കുര്യൻവിളാകം സ്വദേശി നടരാജൻ (82)നെയാണ് പുനരധിവാസ കേന്ദ്രത്തിലെത്തിച്ചത്. ഭാര്യ നേരത്തെ മരിച്ചിരുന്നു. കുഞ്ചാലുംമൂടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന് മുന്നിൽ തളർന്ന് കിടന്നിരുന്ന നടരാജനെക്കുറിച്ച് നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചതിനെ തുടർന്ന് വക്കം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, വാർഡ് മെമ്പർ ലാലി എന്നിവർ വക്കം റൂറൽ ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. മകൾ പിതാവിനെ ഏറ്റെടുക്കാൻ വിസമ്മതിച്ചതായി നാട്ടുകാർ പറഞ്ഞു. തുടർന്ന് കടയ്ക്കാവൂർ പൊലീസുമായി ബന്ധപ്പെട്ട ശേഷമാണ് പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയത്.