തിരുവനന്തപുരം: ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത സാമാജികരിൽ ഭരണപക്ഷ നിരയിൽ നിന്ന് ഏറ്റവും കൂടുതൽ ഹർഷാരവം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയനെങ്കിൽ, പ്രതിപക്ഷ നിരയിൽ നിന്ന് ആർ.എം.പിയിലെ കെ.കെ.രമയ്ക്ക്.
സത്യപ്രതിജ്ഞ ചെയ്ത ശേഷം പിണറായി പ്രതിപക്ഷ നിരയ്ക്കു മുന്നിലെത്തി കൈകൂപ്പിയപ്പോൾ, മുൻനിരയിലുണ്ടായിരുന്ന വി.ഡി.സതീശൻ ഉൾപ്പെടെയുള്ളവർ എണീറ്റ് നിന്ന് കൈകൂപ്പി.
ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് കെ.കെ. രമ നിയമസഭാ പ്രവേശം നടത്തിയത്. സഗൗരവം രമ പ്രതിജ്ഞ ചെയ്ത ഉടൻ പ്രതിപക്ഷ അംഗങ്ങളെല്ലാം ഡെസ്കിലടിച്ച് അനുമോദനം അറിയിച്ചു. പ്രോടെം സ്പീക്കർ പി.ടി.എ റഹിമിനെ വണങ്ങി ഭരണപക്ഷം ഇരിക്കുന്ന വശത്തേക്ക് ഇറങ്ങി വന്ന കെ.കെ.രമ, എം.വി.ഗോവിന്ദന്റെ മുന്നിലെത്തിയപ്പോൾ ഭരണപക്ഷത്തെ നോക്കി വണങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ തിരിച്ചു വണങ്ങി.
മന്ത്രി ആന്റണിരാജു പ്രതിജ്ഞയ്ക്കു മുന്നോടിയായി പ്രതിപക്ഷത്ത് മുൻനിരയിലുണ്ടായിരുന്ന പി.ജെ.ജോസഫിനെ പോയി കണ്ട് വണങ്ങി.