വെള്ളറട: ലോക്ക്ഡൗണിലും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചീഞ്ഞ മത്സ്യങ്ങളുടെ വില്പന വ്യാപകം. പുലർച്ചെ പനച്ചമൂട്ടിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങളുടെ ലേലം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിലാണ് നടക്കുന്നത്. ഇവിടെ പുലർച്ചെ രണ്ട് മുതൽ മത്സ്യം വാങ്ങാനെത്തുന്ന കച്ചവടക്കാരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങളിലാണ് ചീഞ്ഞ മത്സ്യങ്ങൾ പനച്ചമൂട്ടിൽ എത്തുന്നത്. കാലാവസ്ഥ മോശമായതിനെ തുടർന്ന് സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് തൊഴിലാളികൾ കടലിലിറങ്ങാത്ത സാഹചര്യത്തിലാണ് അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മത്സ്യങ്ങൾ വ്യാപകമായി വിപണി കീഴടക്കിയത്. മുൻപ് ലോക്ക്ഡൗണിൽ ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും പരിശോധന കാര്യക്ഷമമായി നടന്നിരുന്നു. എന്നാൽ ഇപ്പോൾ കാര്യമായ പരിശോധന നടക്കുന്നില്ല. മലയോര പഞ്ചായത്തുകളായ വെള്ളറട, അമ്പൂരി, കുന്നത്തുകാൽ തുടങ്ങിയവ പൂർണമായും കണ്ടെയ്ൻമെന്റ് സോണായി തുടരവെയാണ് പനച്ചമൂട്ടിൽ അനധികൃത മത്സ്യ ലേലം നടക്കുന്നത്.