1

തിരുവനന്തപുരം: തങ്ങളുടെ ഏതു പ്രശ്‌നത്തിനും ഓടിയെത്താറുള്ള കൗൺസിലർ സാബു ജോസിന്റെ വേർപാട് വെട്ടുകാട് നിവാസികളെ ദുഃഖത്തിലാഴ്‌ത്തി. കൊവിഡ് ബാധിച്ച് മൂന്നാഴ്ചയായി ചികിത്സയിലായിരുന്ന സാബു ഇന്നലെ ഉച്ചയ്‌ക്കാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് മഹാമാരിയിൽ തന്റെ വാർഡിലുള്ളവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നിലുണ്ടായിരുന്നയാളായിരുന്നു. ആദ്യമായാണ് സാബു നഗരസഭ കൗൺസിലറാകുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി 2010ൽ മത്സരിച്ച സാബു സഹോദരൻ വെട്ടുകാട് മുൻ കൗൺസിലറും സി.പി.എം സ്ഥാനാർത്ഥിയുമായിരുന്ന ബോസ്‌കോ ഡി സിൽവയോട് പരാജയപ്പെട്ടു. അന്ന് സാബു 600 വോട്ട് നേടിയിരുന്നു. ആദ്യകാലത്ത് കോൺഗ്രസിന്റെ പ്രവർത്തകനായിരുന്നു സാബു കഴിഞ്ഞ തിരഞ്ഞെടുപ്പ് സമയത്താണ് സി.പി.എമ്മിൽ ചേർന്നത്. തുടർന്ന് പാർട്ടി സ്ഥാനാർത്ഥിത്വം നൽകി. 998 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സാബു കോൺഗ്രസിന്റ ജ്യോതി ആൻഡ്രൂവിനെ പരാജയപ്പെടുത്തിയത്.

പൊതു പ്രവർത്തനത്തിൽ മാത്രമല്ല കലാ സാംസ്‌കാരിക രംഗത്തും സാബു സജീവമായിരുന്നു. നാടക പ്രവർത്തകനായിരുന്ന സാബു നാടകങ്ങളുടെ ഭാഗമാകുകയും അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. കൊച്ചുവേളി പാരിഷ് സെക്രട്ടറി, തിരുവനന്തപുരം സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി, സെന്റ് ജോസഫ് ലൈബ്രറി വൈസ് പ്രസിഡന്റ്, സെന്റ് ജോസഫ് ക്ലബ് പ്രസിഡന്റ്, ചെറുപുഷ്പം മിഷൻ ലീഗ് രൂപതാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചുവേളി സെന്റ്ജോസഫ് പള്ളിയുടെ ഭാഗമായും ജനങ്ങളുമായി ഇടപെട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പും കടൽക്ഷോഭവും കൊവിഡും ദുരിതത്തിലാക്കിയ ജനങ്ങൾക്കൊപ്പം സാബു കർമ്മനിരതനായിരുന്നു. മേയറെയും മറ്റ് ഉദ്യോഗസ്ഥരെയും നിരന്തരം ബന്ധപ്പെട്ട് ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാൻ കൃത്യമായി ഇടപെട്ടിരുന്നു.

മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു എന്നിവർ അനുശോചനം രേഖപ്പെടുത്തി. സാബുവിന്റെ വിയോഗത്തിൽ ഇന്ന് നഗരസഭ അനുശോചന കൗൺസിൽ യോഗം ഓൺലൈനായി ചേരും.