പാറശാല: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിനായുള്ള മുൻഗണനാ പട്ടികയിൽ പ്രാഥമിക സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കാരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവന് കത്ത് നൽകി. സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ നിർദേശ പ്രകാരം ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിയാണ് ജീവനക്കാർ വിതരണം ചെയ്യുന്നത്. പ്രതിദിന നിക്ഷേപം, വായ്പാ കളക്ഷൻ എന്നിവയ്ക്കും ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടേണ്ടതുണ്ട്. കൂടാതെ ഓണം, വിഷു, റംസാൻ മാർക്കറ്റുകളും നീതി സ്റ്റോർ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്. നിരവധി സഹകരണ ജീവനക്കാർ കൊവിഡ് രോഗബാധിതരാവുകയും ചിലർ മരണപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി.ഇ.എഫ് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യു, സെക്രട്ടറി അശോകൻ കുറുങ്ങപ്പള്ളി എന്നിവർ സംയുക്തമായി മന്ത്രിക്ക് കത്ത് നൽകിയത്.