തിരുവനന്തപുരം: സെൻട്രൽ സ്റ്റേഡിയത്തിലെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേതിന് സമാനമായി നിയമസഭയ്ക്കകത്തും തൊഴുകൈയുമായി അംഗങ്ങൾക്കിടയിലൂടെ നടന്ന് സൗഹൃദം പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്നലെ എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പായിരുന്നു മുഖ്യമന്ത്രിയുടെ സൗഹൃദം പങ്കിടൽ. രാവിലെ 8.43നാണ് മുഖ്യമന്ത്രി സഭയിലെത്തിയത്. വന്നയുടനെ ട്രഷറി ബെഞ്ചിന്റെ വലതുവശത്തു കൂടി അംഗങ്ങൾക്കിടയിലൂടെ നടന്ന് അദ്ദേഹം എല്ലാവരോടും സൗഹൃദം പങ്കിട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും
മറ്റേതാനും അംഗങ്ങളും സഭ ആരംഭിക്കുന്നതിന് ഒരു മിനിറ്റ് മുമ്പാണെത്തിയത്. പി.ജെ. ജോസഫും മോൻസ് ജോസഫും 8.50നെത്തി. ഉടനെ മുഖ്യമന്ത്രി നേരേ എതിർവശത്ത് അവരിരിക്കുന്നിടത്തെത്തി സൗഹൃദം പുതുക്കി.
രാവിലെ സഭയിൽ ആദ്യമെത്തിയത് ഗുരുവായൂരിൽ നിന്നുള്ള കന്നിയംഗം എൻ.കെ. അക്ബറാണ്. 8.25ന്. മന്ത്രിമാരിൽ ആദ്യമെത്തിയത് കെ. രാധാകൃഷ്ണൻ. 8.35ന് . പ്രതിപക്ഷനിരയിൽ ആദ്യമെത്തിയത് ആദ്യം സത്യപ്രതിജ്ഞ ചെയ്ത വള്ളിക്കുന്ന് അംഗം ലീഗിലെ പി. അബ്ദുൾ ഹമീദ്. എട്ടരയോടെ അദ്ദേഹമെത്തി. ആർ.എം.പിയിലെ കെ.കെ. രമ വന്നതും സമ്മേളനം തുടങ്ങുന്നതിന് ഒരു മിനിറ്റ് മുമ്പ്. 8.59ന്.
രണ്ട് കെ. ബാബുമാർ
ഇത്തവണ സഭയിലെ കൗതുകം രണ്ട് കെ.ബാബുമാരാണ്. നെന്മാറയിലെ സി.പി.എം അംഗവും തൃപ്പൂണിത്തുറയിലെ കോൺഗ്രസ് അംഗവും. മുൻമന്ത്രി കൂടിയായ തൃപ്പൂണിത്തുറ ബാബു സി.പി.എം യുവനേതാവ് എം.സ്വരാജിനെ തോല്പിച്ചാണെത്തിയത്. നെന്മാറ ബാബു തോല്പിച്ചത് സി.എം.പിയിലെ വിജയകൃഷ്ണനെ.
പ്രോടെം സ്പീക്കറാവുന്ന
ആദ്യത്തെ സ്വതന്ത്രൻ
സ്വതന്ത്ര എം.എൽ.എ പ്രോടെം സ്പീക്കറാവുന്നത് സഭാചരിത്രത്തിലാദ്യം. സി.പി.എം സ്വതന്ത്രനാണെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ രേഖകളിൽ അദ്ദേഹം സ്വതന്ത്രനാണ്.
പാർലമെന്റിൽ കക്ഷിഭേദമെന്യേ ഏറ്റവും പ്രായം കൂടിയ അംഗത്തെയാണ് പ്രോടെം സ്പീക്കറാക്കാറ്. കേരളത്തിൽ അങ്ങനെയൊരു കീഴ്വഴക്കമില്ല. ഭരണകക്ഷിയുടെ ഭാഗം കൂടിയായതിനാലാണ് താരതമ്യേന പഴക്കവും തഴക്കവും ചെന്ന അംഗമെന്ന പരിഗണനയിൽ പി.ടി.എ റഹിമിനെ നിയോഗിച്ചത്.