നെടുമങ്ങാട്: മഴ കനത്തതോടെ കിള്ളിയാർ കരകവിയുമ്പോൾ നെടുമങ്ങാട് നഗരസഭയിലെ കൊപ്പം വാർഡിലെ പന്തടിക്കളം നിവാസികൾ ഭീതിയിലാണ്. കിള്ളിയാറിന് തീരത്തുകൂടി വീതി കുറഞ്ഞ നടപ്പാതയിലൂടെ ജീവൻ പണയം വച്ചാണ് ഇവരുടെ യാത്ര. കാൽ വഴുതിയാൽ വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടും. 2013ലെ ശക്തമായ മഴയിൽ പന്തടിക്കളം നിവാസികളായ ഷംനാദ് (48), നൈഫ് (17) എന്നിവർ വെള്ളത്തിൽ വീണ് മരണപ്പെട്ടിരുന്നു. രണ്ട് ദിവസത്തെ അന്വേഷണത്തിന് ശേഷമാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്. ഈ സംഭവത്തിന് ശേഷം പന്തടിക്കളം പ്രദേശത്ത് കിള്ളിയാറിന് കരയിൽ ഫെൻസിംഗ് (കമ്പിവേലി) കെട്ടി നടപ്പാത വീതി കൂട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. പണി നടത്താനുള്ള എസ്റ്റിമേറ്റ് എടുത്തെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ഓരോ മഴക്കാലവും ഭീതിയോടെയാണ് പന്തടിക്കളം നിവാസികൾ തള്ളി നീക്കുന്നത്. അടിയന്തര നടപടികൾ സ്വീകരിച്ച് പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ പി. രാജീവിന് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ജി.ആർ. അനിൽ ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പന്തടിക്കളം നിവാസികൾ.