തിരുവനന്തപുരം: രോഗവ്യാപനം കുറയ്ക്കാൻ ലോക്ക്ഡൗണിലൂടെ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6 ശതമാനമാണ്.ചികിത്സയിലുള്ളവരുടെ എണ്ണം 10ദിവസങ്ങൾക്കു മുൻപ് നാലര ലക്ഷത്തിനടുത്തായിരുന്നു എന്നാൽ ഇപ്പോൾ രണ്ടരലക്ഷത്തിലേക്ക് കുറഞ്ഞു. പത്തു ദിവസങ്ങൾക്കു മുൻപ് കൊവിഡ് രോഗികളിൽ ഏകദേശം 91 ശതമാനം ആളുകളെ വീടുകളിലും 9 ശതമാനം ആളുകളെ ആശുപത്രിയിലുമാണ് ചികിത്സിച്ചിരുന്നത്. ഇപ്പോൾ ആശുപത്രിയിൽ ചികിത്സിക്കുന്നവരുടെ എണ്ണം ഏകദേശം 14 ശതമാനമായി ഉയർന്നു. എന്നാൽ ആശുപത്രികളിലെ തിരക്ക് കുറയാൻ മൂന്നാഴ്ചകൾ കൂടി പിന്നിടേണ്ടിവരും. മരണസംഖ്യ കുറയുന്നതിനും അത്രയും സമയം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം രോഗവ്യാപനം വീടുകളിൽ രൂക്ഷമാണെന്ന് അദ്ദേഹം പറഞ്ഞു.മലപ്പുറത്ത് സർക്കാർ നടത്തുന്ന തീവ്ര ശ്രമങ്ങൾക്കനുസരിച്ചുള്ള കുറവ് രോഗികളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ഉണ്ടായിട്ടില്ല. ജില്ലയിൽ കൂടുതൽ പേർക്കും രോഗം പകരുന്നത് വീടുകളിൽ നിന്നാണ്. കൂട്ടുകുടുംബങ്ങൾ കൂടുതലുള്ളത് ഇതിന്റെ വ്യാപ്തി വർദ്ധിപ്പിക്കും. ക്വാറന്റൈൻ സൗകര്യമില്ലാത്ത വീടുകളിൽ നിന്ന് പോസിറ്റീവ് ആയവരെ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിൽ മാതാപിതാക്കൾ മരിച്ച
കുട്ടികളെ സർക്കാർ സംരക്ഷിക്കും
₹ബാങ്ക് ജീവനക്കാരെ മുൻഗണനാ പട്ടികയിലാക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: അച്ഛനും അമ്മയും കൊവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതിനുള്ള നടപടികൾ സംബന്ധിച്ച് പരിശോധന നടത്തി തീരുമാനമെടുക്കും.
കൊവിഷീൽഡിന്റെ രണ്ടാം ഡോസെടുക്കാൻ 84 ദിവസമാണ് കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നത്. രണ്ടാം ഡോസ് കിട്ടാത്തതുമൂലം വിദേശത്തെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ അത്തരം ആളുകൾക്ക് വാക്സിൻ നൽകുന്നതിന് സൗകര്യമൊരുക്കും. ഇന്ത്യയിൽ ഉപയോഗിക്കുന്ന കൊവാക്സിന് വിദേശത്ത് അംഗീകാരമില്ല. അക്കാര്യത്തിൽ കേന്ദ്രസർക്കാർ ലോകാരോഗ്യ സംഘടനയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ബാങ്ക് ജീവനക്കാരെ മുൻഗണനാ പട്ടികയിൽപ്പെടുത്തുന്ന കാര്യം പരിഗണിക്കും.