നെടുമങ്ങാട്:കൊവിഡിലും ലോക്ക് ഡൗണിലും പാവങ്ങൾക്കായി കമ്മ്യൂണിറ്റി കിച്ചണിൽ വിവാഹസദ്യയൊരുക്കിയാണ് പാലോട് കോണത്തു വീട്ടിൽ ജയകുമാർ ജിത ദമ്പതികളുടെ മകൾ ഡോ.കാർത്തിക തന്റെ വിവാഹം ആഘോഷിച്ചത്.ഇ.കെ.നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ പാലോട് മേഖലാ കമ്മിറ്റി നടത്തുന്ന കമ്മ്യൂണിറ്റി കിച്ചനിലേക്ക് തിങ്കളാഴ്ച്ച പായസം ഉൾപ്പെടെയുള്ള സദ്യ പൊതികളിലാക്കി പെരിങ്ങമ്മല,നന്ദിയോട് പഞ്ചായത്തുകളിലെ കൊവിഡ് രോഗികൾക്കും മറ്റുളളവർക്കുമായി 1000ലധികം പൊതികളാണ് വിവാഹ ദിനത്തിൽ വിതരണം ചെയ്തത്.വിവാഹ ചടങ്ങുകൾക്കു ശേഷം ദമ്പതികൾ വൃന്ദാവനം ഓഡിറ്റോറിയത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലെത്തി ആദ്യപൊതി കെട്ടി സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധുവിന് കൈമാറി.