ആറ്റിങ്ങൽ: ദേശീയപാതയിൽ മൂന്നുമുക്കിന് സമീപം ലോറിയിടിച്ച് മറിഞ്ഞ സ്‌കൂട്ടറിന് തീപിടിച്ചു. അപകടത്തെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് പരിക്കുണ്ട്. ഇന്നലെ വൈകിട്ട് 4.40നായിരുന്നു അപകടം. നാവായിക്കുളം ഹെൽത്ത് സെന്ററിലെ നഴ്സ് രശ്‌മി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയാണ് അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോഴായിരുന്നു അപകടം. പച്ചക്കറി കയറ്റി പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. സ്‌കൂട്ടിയിൽ തീ പടർന്നതോടെ ദേശീയപാതയിൽ ഗതാഗതം സ്‌തംഭിച്ചു. ഫയർഫോഴ്സെത്തി തീഅണച്ച ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. പരിക്കേറ്റ രശ്‌മിയെ ആശുപത്രിയിലെത്തിച്ചു.