balloon-fest

1986 സെപ്റ്റംബർ 27, 15 ലക്ഷം ബലൂണുകൾ അമേരിക്കയിലെ ഒഹായോയിലെ ക്ലീവ്‌ലാൻഡ് നഗരത്തിൽ നിന്ന് ആകാശത്തേക്ക് പറന്നുയരുകയുണ്ടായി. ഗിന്നസ് റെക്കോർഡായിരുന്നു ഈ കൂറ്റൻ ബലൂൺ ഫെസ്റ്റ് വഴി സംഘാടകർ ലക്ഷ്യമിട്ടിരുന്നത്. പാവപ്പെട്ടവർക്ക് വേണ്ടി ധനസമാഹരണത്തിനായി യുണൈറ്റഡ് വേ ഒഫ് ക്ലീവ്‌ലാൻഡ് എന്ന സന്നദ്ധ സംഘടനയായിരുന്നു ബലൂൺ ഫെസ്റ്റ് സംഘടിപ്പിച്ചത്.

അതുവരെ ഏറ്റവും കൂടുതൽ ബലൂണുകൾ ആകാശത്തേക്ക് ഒരുമിച്ച് പറത്തിവിട്ടതിന്റെ ഗിന്നസ് റെക്കോർഡ് ഡിസ്നിലാൻഡിന്റെ പേരിലായിരുന്നു. 1985ലായിരുന്നു ഇത്. ഡിസ്നിലാൻഡ് സ്ഥാപിതമായതിന്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ചായിരുന്നു അത്. ഡിസ്നിലാൻഡിന്റെ റെക്കോർഡ് മറികടക്കാനാണ് യുണൈറ്റഡ് വേ ഒഫ് ക്ലീവ്‌ലാൻഡ് ലക്ഷ്യമിട്ടത്.

 തയാറെടുപ്പ്

ബലൂൺ ഫെസ്റ്റ് പ്രാവർത്തികമാക്കുന്നതിന് 6 മാസം മുമ്പ് തന്നെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ബലൂണുകൾ ഉയർത്താൻ നിശ്ചയിച്ചിരുന്ന സിറ്റി ബ്ലോക്കിന് മുകളിൽ ബലൂണുകൾക്കുള്ള വലവിരിച്ചിരുന്നു. നിരവധി പേർക്ക് ബലൂൺ പറന്ന് പൊങ്ങുന്നതിന്റെ ദൃശ്യം കാണത്തക്ക രീതിയിലായിരുന്നു ഒരുക്കങ്ങളൊക്കെ ചെയ്തിരുന്നത്. 2,500 ത്തിലേറെ വോളന്റിയർമാർ ചേർന്ന് സെപ്റ്റംബർ 27ന് പുലർച്ചെ മുതൽ ബലൂണുകളിൽ ഹീലിയം നിറയ്ക്കാൻ തുടങ്ങി.

വോളന്റിയർമാരിൽ കൂടുതലും വിദ്യാർത്ഥികളായിരുന്നു. കാഴ്ചക്കാരും സംഘാടകരും മാദ്ധ്യമങ്ങളും മറ്റുമുൾപ്പെടെ നിരവധി പേർ അവിടെ തടിച്ചുകൂടിയിരുന്നു. രാവിലെ മുതൽ കാലാവസ്ഥ അല്പം മോശമായിരുന്നു. നല്ല കാറ്റുമുണ്ടായിരുന്നു. അതുകൊണ്ട് മുൻകൂട്ടി നിശ്ചയിച്ചതിലും നേരത്തെ ബലൂണുകൾ മുകളിലേക്ക് പറത്താൻ സംഘാടകർ തീരുമാനിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് 1.50ന് ആയിരക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി 15 ലക്ഷം ബലൂണുകളെ ആകാശത്തേക്ക് പറത്തിവിട്ടു.

വിവിധ വർണങ്ങളിലുള്ള ബലൂണുകൾ ഉയർന്ന് പൊങ്ങുന്നത് അതിമനോഹരമായ കാഴ്ചയായിരുന്നു. ആകാശം നിറങ്ങളാൽ നിറഞ്ഞു. വിചാരിച്ച പോലെ ഡിസ്നിലാൻഡിന്റെ റെക്കോർഡ് തകർത്തു.

 വിപരീത ഫലം

പക്ഷേ, കാര്യങ്ങൾ മാറിമറിയാൻ അധികം സമയം വേണ്ടി വന്നില്ല. ബലൂണുകളുടെ പോക്ക് ഒരു ദുരന്തത്തിലേക്കാണ് ചെന്നെത്തിയത്. ബലൂണുകൾ ഉള്ളിൽ നിറച്ചിരുന്ന ഹീലിയം വാതകം തീരുന്നതനുസരിച്ച് സാവധാനത്തിൽ ഭൂമിയിലേക്ക് പതിക്കുമെന്നായിരുന്നു സംഘാടകർ കരുതിയിരുന്നത്. എന്നാൽ, അന്തരീക്ഷം തണുത്തു. കാറ്റും മഴയും എത്തി. ഇതോടെ, ഹീലിയം തീരുന്നതിന് മുന്നേ ബലൂണുകളെല്ലാം കൂട്ടത്തോടെ താഴേക്ക് വരാൻ തുടങ്ങി. ക്ലീവ്‌ലാൻഡിലെ ഹൈവേയിലേക്കിറങ്ങിയ ബലൂണുകൾ നിരവധി അപകടങ്ങൾക്ക് കാരണമായി. കാറുകൾ കൂട്ടിയിടിച്ചെങ്കിലും ആർക്കും മരണം സംഭവിച്ചില്ല. ജലാശയങ്ങൾക്ക് മുകളിൽ ബലൂണുകൾ പൊങ്ങിക്കിടന്നു.

ഇവിടുത്തെ ബൂർക് ലേക്ക്ഫ്രണ്ട് എയർപോർട്ടിലെ റൺവെ ബലൂണുകൾ നിറഞ്ഞതിനെ തുടർന്ന് അടച്ചിട്ടു. മഡൈന കൗണ്ടിയിലുള്ള ഫാം മേഖലയിലേക്ക് ബലൂണുകൾ പറന്നിറങ്ങുന്നത് കണ്ട് ഭയന്നോടിയ അവിടുണ്ടായിരുന്ന അറേബ്യൻ കുതിരകൾക്ക് പരിക്കേറ്റു.

ബലൂൺ ഫെസ്റ്റ് നടക്കുന്നതിന് തലേ ദിവസം, ക്ലീവ്‌ലാൻഡിലൂടെ ഒഴുകുന്ന ഇറി തടാകത്തിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് പേരെ കാണാതായിരുന്നു. ബലൂൺ ഫെസ്റ്റ് നടന്ന ദിവസവും കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ ഇവർക്കായുള്ള തിരച്ചിൽ തുടരുകയായിരുന്നു. ബലൂണുകൾ കൂട്ടത്തോടെ തടാകത്തിലേക്ക് വന്നുവീണതോടെ രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു. വെള്ളത്തിൽ നിറഞ്ഞു കിടന്ന ബലൂണുകൾക്കിടെയിൽ മനുഷ്യനെ കണ്ടെത്താൻ കഴിഞ്ഞില്ല. രക്ഷാപ്രവർത്തനം തടസപ്പെട്ടതോടെ കോസ്റ്റ് ഗാർഡ് പരിപാടിയുടെ സംഘാടകർക്ക് നേരെ തിരിഞ്ഞു. മൂന്ന് ദിവസങ്ങൾക്ക് ശേഷം രണ്ട് മത്സ്യത്തൊഴിലാളികളുടെയും മൃതദേഹം കരയ്ക്കടിയുകയായിരുന്നു.

 ഒടുവിൽ...

വാഹനാപകടത്തിൽപ്പെട്ടവർ, പരിക്കേറ്റ അറേബ്യൻ കുതിരകളുടെ ഉടമ, മരിച്ച മത്സ്യത്തൊഴിലാളികളുടെ ഭാര്യമാർ തുടങ്ങിയവർ ബലൂൺ ഫെസ്റ്റിന്റെ സംഘാടകർക്കെതിരെ കേസ് കൊടുത്തു. പരിപാടിയിലൂടെ സമാഹരിച്ച തുകയുടെ ഭൂരിഭാഗവും ഈ കേസുകൾ ഒത്തുതീർപ്പാക്കാൻ സംഘാടകർക്ക് ഉപയോഗിക്കേണ്ടി വന്നു. ഒരേ സമയം ഏറ്റവും കൂടുതൽ ബലൂണുകൾ ആകാശത്തേക്ക് പറത്തിവിട്ട ഗിന്നസ് റെക്കോർഡ് പരിപാടിയ്ക്ക് ലഭിച്ചെങ്കിലും സുരക്ഷാ കാരണങ്ങൾ മുൻനിറുത്തി ഈ വിഭാഗത്തെ ഗിന്നസ് പിന്നീട് ഒഴിവാക്കി.