ആര്യനാട്: അന്തർജില്ല കവർച്ചാസംഘത്തിലെ മൂന്നുപേർ അറസ്റ്രിൽ. നെടുമങ്ങാട് പത്താംകല്ലിൽ നിന്ന് കഴക്കൂട്ടം പുല്ലാട്ടുകരിക്ഷേത്രത്തിന് സമീപം സോമസൂര്യ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അച്ചു എന്ന അനന്തൻ (20), പുതിയ കാരയ്ക്കാമണ്ഡപം ശിവൻകോവിലിന് സമീപം എസ്.എൻ കോംപ്ലക്സിൽ വാടകയ്ക്ക് താമസിക്കുന്ന അജു എന്ന ഷിഫാൻ (19), കൊല്ലം ചിതറ വളവുപച്ച സൂര്യകുളം തടത്തരികത്തുവീട്ടിൽ ഷാൻ എന്ന മുഹമ്മദ് ഷാൻ (20) എന്നിവരാണ് ഷാഡോ പൊലീസിന്റെയും ആര്യനാട് പൊലീസിന്റെയും പിടിയിലായത്. വെള്ളനാടിന് സമീപം യോഗാ ക്ലാസിന് പോയ സ്ത്രീയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ കവർന്ന കേസും, ആര്യനാട് ഇറവൂരിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന മാരുതി കാർ മോഷ്ടിച്ച കേസിലും അന്വേഷണം നടക്കുന്നതിനിടയിലാണ് മോഷണസംഘം പിടിയിലായത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിൽ വാഹനമോഷണ കേസുകളിലും,​ മാല പിടിച്ചുപറിച്ച നാല് കേസുകളിലും,​ മറ്റ് നിരവധി മോഷണക്കേസുകളിലും പ്രതികളാണ് ഇവർ. ഈ സംഘത്തിന്റെ തലവൻ അനന്തനാണെന്നാണ് പറയുന്നത്. അനന്തന്റെ സംഘത്തിൽപ്പെട്ട റിഷാദ് റംഷാദ്, ബിപിൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.

അടുത്തിടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായമായ സ്ത്രീയെ ഉപദ്രവിച്ച് മാല പിടിച്ചുപറിച്ച കേസിലും കാർ ഷോറൂം കുത്തിത്തുറന്ന് കാർ മോഷ്ടിച്ച കേസിലും കൂടാതെ പാറശാല, ആറ്റിങ്ങൾ, മലയിൻകീഴ്, വിളപ്പിൽശാല, കാട്ടാക്കട, കടയ്ക്കാവൂർ, വർക്കല, ചിറയിൻകീഴ് പന്തളം, ചങ്ങനാശ്ശേരി, പാങ്ങോട്, നെടുമങ്ങാട്, കിളിമാനൂർ, കടയ്ക്കൽ, കൊട്ടാരക്കര എന്നീ പൊലീസ്‌ സ്റ്റേഷനുകളിലെ അൻപതിൽപ്പരം കേസുകൾക്കും ഇവർ പിടിയിലായതോടെ തുമ്പുണ്ടായിരിക്കുകയാണ്. വീടുകളുമായി അടുത്ത ബന്ധമില്ലാത്ത പ്രതികൾ മോഷ്ടിച്ചെടുക്കുന്ന വാഹനങ്ങളിലും ലോഡ്ജുകളിലും ആൾപ്പാർപ്പില്ലാത്ത വീടുകൾ കുത്തിത്തുറന്നുമാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു. കവർച്ച പതിവായതോടെ റൂറൽ ജില്ലാ പൊലീസ് മേധാവി പി.കെ. മധു രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇതിനിടയിൽ പിടിയിലായ പള്ളിപ്പുറം സ്വദേശി ഷെമീർ പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും മണിക്കൂറുകൾക്കുള്ളിൽ ഇയാളെ പിടികൂടി. മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു.