ചരിത്രത്തിലിടംനേടാനൊരുങ്ങുന്ന ഒരു ബഹിരാകാശ ദൗത്യ പേടകത്തിന് പേരിടാൻ ആഗ്രഹമുണ്ടോ ? എങ്കിലിതാ അതിനുള്ള സുവർണാവസരം പൊതുജനങ്ങൾക്ക് നൽകിയിരിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസി ( ഇ.എസ്.എ ). സൂര്യനിൽ നിന്ന് ഭൂമിയിലേക്കെത്തുന്ന അപ്രതീക്ഷിതവും അപകടകരവുമായ സൗരതരംഗങ്ങളെ മുൻകൂട്ടി കണ്ടെത്താനും അവയെ പറ്റി പഠനം നടത്താനും വിക്ഷേപിക്കുന്ന ഉപഗ്രഹത്തിനാണ് പേരിടേണ്ടത്. നിലവിൽ ' ലഗ്റേഞ്ചി മക്‌ലഗ്റേഞ്ച്ഫേസ് " എന്ന പേരാണ് പേടകത്തിന് താത്കാലികമായി നൽകിയിരിക്കുന്നത്.
ഉപഗ്രഹത്തിനായുള്ള പേര് ഒക്ടോബർ 17 വരെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ വെബ്സൈറ്റിലൂടെ നിർദ്ദേശിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേരിന് ഉഗ്രൻ സമ്മാനം നൽകുമെന്നാണ് ഇ.എസ്.എ പറയുന്നത്. സൗരതരംഗങ്ങളെ സംബന്ധിച്ച നിർണ്ണായക വിവരങ്ങൾ ശേഖരിക്കുന്ന പേടകം അവ ഭൂമിയിലേക്ക് കൈമാറും. ഇത് ലോകരാജ്യങ്ങൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് ഇ.എസ്.എ പറയുന്നു. സൂര്യൻ തുടർച്ചയായി ബില്യൺ ടൺ കണക്കിന് ചൂട് പ്ലാസ്മ പുറംതള്ളുന്നുണ്ട്. ഇത് ഭൂമിയിൽ ചെലുത്തുന്ന സ്വാധീനവും പേടകം പഠന വിധേയമാക്കും.
ആർക്കും പേരിനുള്ള നിർദ്ദേശങ്ങൾ അയക്കാം. എന്നാൽ, ദൗത്യത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് പരമാവധി മൂന്ന് വാക്കോട് കൂടിയ യൂറോപ്പുമായി ചേർന്നു നിൽക്കുന്ന പേര് വേണം നിർദ്ദേശിക്കാൻ. പേരിനായുള്ള മാനദണ്ഡങ്ങൾ ഇനിയുമുണ്ട്. ഇത് സംബന്ധിച്ച വിശദമായ നിബന്ധനകളും ഇ.എസ്.എയുടെ തങ്ങളുടെ വെബ്സൈറ്റിലൂടെ പുറത്തുവിട്ടിട്ടുണ്ട്.