ഒടുവിൽ കോൺഗ്രസ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കി. സി.പി.എം നേതൃത്വം നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലോ മന്ത്രിസഭാ രൂപീകരണത്തിലോ ഇത്രയും പ്രയാസപ്പെട്ടിട്ടില്ല. ഒരിറ്റ് രക്തം പൊടിയാതെ വിദഗ്ദ്ധമായി ശസ്ത്രക്രിയ പൂർത്തിയാക്കുന്ന മികച്ച സർജന്റെ വേഷത്തിൽ പിണറായി വിജയൻ അല്ലെങ്കിൽ സി.പി.എം അത് നിർവഹിച്ചു.
കോൺഗ്രസിന് അതങ്ങനെ എളുപ്പത്തിൽ സാധിക്കില്ലെന്നത് അംഗീകരിക്കുന്നു. സി.പി.എമ്മിനെപ്പോലെ കേഡർ സംവിധാനം പോയിട്ട് സെമികേഡർ സംവിധാനം പോലും പറ്റാത്ത പാർട്ടിയിൽ ഇത്തരത്തിലൊരു അതിവിദഗ്ദ്ധ ശസ്ത്രക്രിയ സാധിക്കുന്നതെങ്ങനെയാണ്!
അതുകൊണ്ടുതന്നെയാണ് പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകുന്നത്. തന്നെ അപമാനിച്ച് പുറത്താക്കിയെന്ന് അടുപ്പമുള്ളവരോടെല്ലാം രമേശ് ചെന്നിത്തലയ്ക്ക് പറയേണ്ടി വരുന്നത്, ശസ്ത്രക്രിയയ്‌ക്കിടയിൽ അല്പസ്വല്പം ചോര പൊടിഞ്ഞിട്ടുണ്ട് എന്നതിന്റെ സൂചനയാണ്.
എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിച്ചെന്ന് ചിന്തിക്കുമ്പോഴാണ്, ഇതിനെല്ലാം ആത്യന്തികമായ ഉത്തരവാദി രമേശ് ചെന്നിത്തല തന്നെയാണെന്ന ബോദ്ധ്യം സാധാരണ കോൺഗ്രസുകാരിലുണ്ടാവുന്നത്. അവരാണ് ഇപ്പോൾ പറയുന്നത് രമേശ് ചെന്നിത്തലയ്ക്ക് അഞ്ചുവർഷം സാധിക്കാതിരുന്നത് വി.ഡി. സതീശന് സാധിക്കുമെന്ന്.
സതീശന്റെ വരവ്
2016ൽ സംഭവിച്ചത് പോലൊരു മാറ്റമാണ് ഇത്തവണയും കേരളത്തിലെ കോൺഗ്രസിൽ സംഭവിച്ചത്. 2016ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അതുവരെ അധികാരത്തിലിരുന്ന യു.ഡി.എഫ് തകർന്നു. 91 സീറ്റുകളുമായി ഇടതുമുന്നണി അധികാരത്തിലെത്തി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി മുന്നണിയുടെയോ കോൺഗ്രസ് നിയമസഭാകക്ഷിയുടെയോ നേതൃപദവി ഒഴിയണമെന്ന് പാർട്ടി തീരുമാനിച്ചിരുന്നില്ല. പക്ഷേ പല രാഷ്ട്രീയകാരണങ്ങളാൽ അദ്ദേഹം അന്നത്തെ തോല്‌വിയുടെ പിതൃത്വമേറ്റെടുത്ത് സ്വയം പിന്മാറ്റം പ്രഖ്യാപിച്ചു. അതൊരു പ്രതിഷേധ രാജി കൂടിയായിരുന്നെന്ന് പിന്നീട് മനസിലായിട്ടുണ്ട്.
കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന വി.എം. സുധീരന്റെ ചില നിലപാടുകൾ അവസാനകാലത്ത് സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്ന് അദ്ദേഹം ചിന്തിച്ചിരുന്നു. അത് ശരിയോ തെറ്റോ എന്ന് നിശ്ചയമില്ല. എങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ സുധീരൻ പ്രകടിപ്പിച്ച ചില ശാഠ്യങ്ങളോട് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നു. തൃക്കാക്കരയിൽ ബെന്നി ബെഹനാനെ എതിർത്തതും തൃപ്പൂണിത്തുറയിൽ കെ. ബാബുവിനെ എതിർത്തതും മറ്റും സുധീരനായിരുന്നു. പക്ഷേ ബാബുവിനെ നിലനിറുത്താൻ ഉമ്മൻചാണ്ടിക്ക് കഴിഞ്ഞെങ്കിലും ആരോപണങ്ങൾ ഉയർത്തിയ പ്രതിരോധത്തിൽ തട്ടി ബാബുവിന് പരാജയം രുചിക്കേണ്ടി വന്നു. അതിൽ ഗണ്യമായ സംഭാവന സുധീരനും നൽകിയിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി മാത്രമല്ല, കോൺഗ്രസിനകത്തെ പലരും ചിന്തിച്ചിട്ടുണ്ട്.
പക്ഷേ, ആരോപണങ്ങൾ സൃഷ്ടിച്ച പ്രതിച്ഛായാ നഷ്ടവും കനത്ത തോൽവിയും പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരായ അനിഷ്ടം സൃഷ്ടിക്കുമെന്ന് തിരിച്ചറിഞ്ഞിട്ടായിരുന്നു ഉമ്മൻചാണ്ടി ആദ്യമേ തന്നെ നേതൃപദവിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. മാത്രമല്ല, തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വിജയിച്ചെന്ന 22 പാർട്ടി എം.എൽ.എമാരിൽ ഭൂരിഭാഗം പേരും ഐ ഗ്രൂപ്പിനൊപ്പമുള്ളവരുമായിരുന്നു.
അതൃപ്തി മുൻകൂട്ടി കാണാൻ ശേഷിയുള്ള, അനുഭവസമ്പത്ത് വേണ്ടുവോളമുള്ള, തന്ത്രജ്ഞനായ രാഷ്ട്രീയനേതാവായിരുന്നു ഉമ്മൻചാണ്ടി. അതിനാൽ അദ്ദേഹം അന്ന് പിന്മാറിക്കൊടുത്തു. നിയമസഭാകക്ഷിക്ക് പെട്ടെന്നു തന്നെ രമേശ് ചെന്നിത്തലയെ ആ സ്ഥാനത്തേക്ക് അവരോധിക്കാൻ പ്രയാസമുണ്ടായില്ല.
പക്ഷേ, ഇന്നോ? പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല അഞ്ചുവർഷം നയിച്ചിട്ടും 2016 നേക്കാളും ദയനീയമായ പതനമാണ് കോൺഗ്രസിനും യു.ഡി.എഫിനുമുണ്ടായത്. രമേശ് ചെന്നിത്തല ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്. പക്ഷേ ശ്രദ്ധാപൂർവമുള്ള ഇടപെടലുണ്ടായില്ലെന്നു വേണം കരുതാൻ. തോൽവി പിണയുമ്പോൾ നിയമസഭാകക്ഷിയിലും പാർട്ടിക്കകത്തും ഉണ്ടാകാനിടയുള്ള ധ്രുവീകരണ നീക്കങ്ങൾ മനസിലാക്കാനുള്ള രാഷ്ട്രീയ ദീർഘവീക്ഷണം അദ്ദേഹത്തിനുണ്ടാകണമായിരുന്നു.
എന്റെ വലിയ പിഴയെന്ന് മേയ് രണ്ടിന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്വയം ഉറക്കെ പ്രഖ്യാപിച്ചിരുന്നെങ്കിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിൽ ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലായിരുന്നു. പകരം എല്ലാം പാർട്ടിയുടെ പിശകെന്ന് കൈകഴുകാനാണ് അദ്ദേഹം ശ്രദ്ധിച്ചത്. 2016ൽ ഉമ്മൻചാണ്ടി സ്വയമൊഴിയാൻ സന്നദ്ധനായപ്പോഴാണ്, യു.ഡി.എഫിന്റെ ചെയർമാൻസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന അഭിപ്രായമുയർന്നത്. ഒരുപക്ഷേ, സർക്കാരിനെ പ്രതിരോധത്തിലേക്ക് തള്ളിവിട്ട ആരോപണങ്ങളുയർത്തിയ പ്രതിപക്ഷനേതാവെന്ന പരിവേഷത്തോടെ തന്നെ മേയ് രണ്ടിന് സ്വയം പിന്മാറിയിരുന്നെങ്കിൽ ചെന്നിത്തലയ്ക്കും, 2016ൽ ഉമ്മൻചാണ്ടിക്ക് കിട്ടിയത് പോലൊരു സ്വീകാര്യത കിട്ടിപ്പോയേനെ എന്ന് ചിന്തിക്കുന്നവരുണ്ട്.
2016ൽ ഉമ്മൻചാണ്ടി സ്വയം പിന്മാറ്റം പ്രഖ്യാപിച്ചപ്പോൾ ചെന്നിത്തലയുടെ സ്ഥാനാരോഹണം എളുപ്പമായി. എന്നാൽ, 2021ൽ നേരേ തിരിച്ചാണ് സംഭവിച്ചത്. രമേശ് പിന്മാറാൻ തയാറല്ലാത്തത് കൊണ്ടുതന്നെ ഹൈക്കമാൻഡ് നിരീക്ഷകരായി രണ്ട് മുതിർന്ന നേതാക്കളെത്തി രമേശിനെ ഇരുട്ടിൽ നിറുത്തിയുള്ള നാടകത്തിന് തയാറായി.
എ ഗ്രൂപ്പും ഐ ഗ്രൂപ്പുമെല്ലാം ഒറ്റക്കെട്ടായി രമേശിന് പിന്തുണ പ്രഖ്യാപിച്ചിട്ടും ഇംഗിതം രമേശിനെതിരാവുന്ന വൈരുദ്ധ്യത്തിനാണ് സംസ്ഥാന കോൺഗ്രസ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യം വഹിച്ചത്. അതദ്ദേഹം തിരിച്ചറിഞ്ഞില്ലെന്നിടത്തും പരാജയമുണ്ട്. തിരഞ്ഞെടുപ്പ് അഞ്ച് വർഷം കഴിഞ്ഞ് വരുമ്പോൾ വെറുതെ ജയിച്ചുകൊള്ളുമെന്ന് വിശ്വസിച്ചുപോയ അതേ മനസാണ് ഇവിടെയും പ്രവർത്തിച്ചത്. ആരോപണമുന്നയിച്ചത് കൊണ്ട് മാത്രമായില്ലല്ലോ. മറ്റ് പലതുമില്ലേ, രാഷ്ട്രീയസംഘടനയെ കൊണ്ടുനടക്കേണ്ടി വരുമ്പോൾ...
ഹൈക്കമാൻഡ് നിരീക്ഷകരായെത്തിയ മല്ലികാർജുൻ ഖാർഗെയും വി. വൈത്തിലിംഗവും പുതിയ എം.എൽ.എമാരോടും എം.പിമാരോടും രാഷ്ട്രീയകാര്യസമിതി അംഗങ്ങളോടും മറ്രൊരു പേര് പറയാനല്ല ആവശ്യപ്പെട്ടതെന്നാണ് കോൺഗ്രസ് ക്യാമ്പിൽ നിന്ന് കിട്ടുന്ന സൂചനകൾ. അവർ ചോദിച്ചത് മാറ്റം ആവശ്യമെന്ന് കരുതുന്നുണ്ടോ എന്നായിരുന്നു. അപ്പോൾ പകരമൊരു പേരുവച്ച്, ഇദ്ദേഹം എങ്ങനെയിരിക്കും എന്നാണവർ ചോദിച്ചത്. അവർ മുൻകൂട്ടി തിരക്കഥ തയാറാക്കി വന്നപ്പോൾ, ഈ ചോദ്യത്തിലാണ് ഭൂരിഭാഗം പേരും വീണുപോയത്. എ, ഐ ഗ്രൂപ്പുകളുടെ തിട്ടൂരമൊക്കെ കാറ്റിൽ പറന്നുപോയി.
സതീശൻ വന്നാൽ...
ഇനി സതീശൻ വന്നതു കൊണ്ട് മാത്രമായെന്നാണോ? അല്ലേയല്ല. ഇപ്പോൾ സംഭവിച്ചിരിക്കുന്നത് തൊഴുത്തൊന്ന് മാറ്റിക്കെട്ടൽ മാത്രമാണ്. പഴയ പശു അവിടെ കിടപ്പുണ്ട്.
പക്ഷേ സതീശനിൽ വിശ്വാസമർപ്പിക്കുന്ന അനവധി പേർ കോൺഗ്രസിനകത്തുണ്ട്. അത് സതീശന്റെ നിലപാടുകളിലെ തെളിച്ചവും ഇടത് കോട്ടയായിരുന്ന പറവൂരിനെ പിടിച്ചെടുത്ത് സ്വന്തം കൈവെള്ളയിലാക്കിത്തീർത്ത സംഘാടകമികവും കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കാനുള്ള ശേഷിയും കഠിനാദ്ധ്വാനത്തിനുള്ള മനസുമൊക്കെയാണ്. ഡൈനമിക് ലീഡർ എന്ന വിശേഷണത്തിന് അക്ഷരാർത്ഥത്തിൽ അർഹനാണ് വി.ഡി. സതീശൻ.
അതിന് പ്രതിപക്ഷനേതാവായിരിക്കുന്ന അദ്ദേഹത്തിന് പറ്റിയൊരു സംഘടനാ സംവിധാനം കൂടി പാർട്ടിതലത്തിൽ ഉണ്ടാവേണ്ടതുണ്ട്. അതുണ്ടാകുമെന്നാണ് കോൺഗ്രസുകാരെല്ലാം പറയുന്നത്. രമേശ് ചെന്നിത്തല അറിയാതെ പോയൊരു കാര്യമാണ്, കേരളത്തിൽ നിന്ന് ഹൈക്കമാൻഡ് നേതാക്കളുടെ ഇ-മെയിൽ വിലാസങ്ങളിലേക്ക് പ്രവഹിച്ച പരാതികളുടെ ബാഹുല്യം. അതിലേറെയും പാർട്ടിയിലും നിയമസഭാകക്ഷിയിലും മാറ്റം വേണമെന്ന് തന്നെയായിരുന്നു.
പാർട്ടി പ്രസിഡന്റായി കെ. സുധാകരൻ വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് മേൽക്കൈയുണ്ട്. അത് ഹൈക്കമാൻഡ് മുഖവിലയ്ക്കെടുക്കുന്നു. വി.ഡി. സതീശൻ നിയമസഭാകക്ഷിയിലും കെ. സുധാകരൻ കെ.പി.സി.സി തലപ്പത്തും വന്നാലേ ഈ പാർട്ടി രക്ഷപ്പെടൂ എന്ന് ആത്മാർത്ഥതയുള്ള കോൺഗ്രസുകാർ കഴിഞ്ഞ ദിവസവും ഈ ലേഖകനോട് പറഞ്ഞെന്ന് ഇത്തരുണത്തിൽ വെളിപ്പെടുത്താൻ ആഗ്രഹിക്കുകയാണ്.
സതീശന്റെ സങ്കല്പം
നെഹ്‌റുവിയൻ ഇടത്, സോഷ്യലിസ്റ്റ്, പുരോഗമന കാഴ്ചപ്പാടുകൾ പങ്കിടുന്ന കോൺഗ്രസുകാരനാണ് വി.ഡി. സതീശൻ. അതേക്കുറിച്ച് ഈ ലേഖകൻ ചോദിച്ചപ്പോൾ സതീശൻ പറഞ്ഞു: "ഞാനൊരു നെഹ്റുവിയനാണെന്ന് പറയുന്നതിൽ അഭിമാനമേയുള്ളൂ. കേരളം പോലെ വളരെ പുരോഗമനപരമായി ചിന്തിക്കുന്ന സംസ്ഥാനത്ത് കേരളത്തിന്റെ കേന്ദ്രം തന്നെ ലെഫ്റ്റ് ആണെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എന്റെ അഭിപ്രായത്തിൽ സി.പി.എം പല കാര്യങ്ങളിലും തീവ്ര വലതുപക്ഷ നിലപാടാണ് എടുക്കുന്നത്. അവരേക്കാൾ ലെഫ്റ്റ് ഞങ്ങളാണ്. അതൊരു രാഷ്ട്രീയ ചിന്താധാരയാണ്. (പൊളിറ്റിക്കൽ തിങ്കിംഗ്). മതേതരനിലപാട്, പാരിസ്ഥിതിക ബോദ്ധ്യം, ജനാധിപത്യപരമായി മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആദരിക്കാനുള്ള മനസ് ഒക്കെ വേണം. കമ്മ്യൂണിസ്റ്റ് ലെഫ്റ്റ് അതല്ല. മറ്റുള്ളവരെ ബഹുമാനിക്കുന്നതാണ് നെഹ്റുവിയൻ ചിന്താഗതി. വിയോജിക്കുന്നതോടൊപ്പം അത് പ്രകടിപ്പിക്കാനുള്ളവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതുമാണ്. നെഹ്റുവിയൻ ലെഫ്റ്റാണ് ഞങ്ങളുടേത്. പാർശ്വവത്കൃത ജനതയെ ചേർത്ത് നിറുത്തുന്ന സമീപനം."
കേരളത്തിന്റേത് ശക്തമായ ഇടതുപക്ഷ മനസാണെന്ന് തിരിച്ചറിഞ്ഞുള്ള ഇടപെടലാണ് സതീശനും മറ്റും നടത്തുന്നത്. അദ്ദേഹം പുതിയ സ്ഥാനലബ്ധിയുണ്ടായ ഉടൻ നടത്തിയ പ്രതികരണം തന്നെ തീവ്രഹിന്ദുത്വ വർഗീയതയെ കടന്നാക്രമിക്കുന്നതായിരുന്നു. അതൊക്കെ ഇടതുപക്ഷ പുരോഗമന മനസ് വായിച്ചെടുക്കാൻ കഴിഞ്ഞതിന്റെ ശീലമായി കാണണം.
അതൊരു കാഴ്ചപ്പാടാണ്. അത് വിജയിക്കട്ടെയെന്ന് ആശംസിക്കുക മാത്രമാണ് ഇപ്പോൾ ചെയ്യാവുന്നത്.