കിളിമാനൂർ: പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ കൊവിഡ് രോഗികളില്ലാത്ത വാർഡായി ചെമ്പകശേരിയെ മാറ്റുന്നതിനായി 'ഒപ്പമുണ്ട് ചെമ്പകശേരി' പദ്ധതി നടപ്പിലാക്കി.രോഗലക്ഷണങ്ങളുളളവരെ കണ്ടെത്തി പരിശോധിക്കുകയും വാർഡിലെ 438 വീടുകളിലും ബോധവത്കരണം നടത്തുകയും പ്രധാന ഇടങ്ങളിലെല്ലാം ബോധവത്കരണ പോസ്റ്ററുകൾ പതിപ്പിക്കുകയുമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. 20 വീടുകൾക്ക് 1 ലീഡർ എന്ന നിലയിൽ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളും തുടങ്ങി.ചെമ്പകശേരി വാർഡിലേയ്ക്ക് സന്നദ്ധപ്രവർത്തകർ നൽകിയ പൾസ് ഓക്സീമീറ്ററുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളിയിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രൻ ഏറ്റുവാങ്ങി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി,വാർഡംഗം ബി.ഗിരിജ, മെഡിക്കൽ ഓഫീസർ ഷീജ,വാർഡ് നോഡൽ ഓഫീസർ സനു,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയാസ്,ജാഗ്രതാ സമിതി അംഗങ്ങളായ രാജേഷ്,ബിജു,വിക്രം,അഭിജിത്ത് എന്നിവർ പങ്കെടുത്തു.