കിളിമാനൂർ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് കുന്നുമ്മൽ വാർഡിൽ " നിറയട്ടെ പാൽ പുഞ്ചിരി " പദ്ധതിക്ക് തുടക്കം കുറിച്ചു. കൊവിഡ് നിരക്ക് സീറോയിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ തുടർച്ചയാണിത്. രോഗലക്ഷണങ്ങൾ ഉള്ളവരെ വീട്ടിലെത്തി നിരീക്ഷിക്കുക, ചികിത്സാകേന്ദ്രത്തിലെത്തിക്കുന്ന ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള പ്രതിരോധ സന്ദേശ യാത്ര, മുഴുവൻ വീട്ടുകാർക്കും പച്ചക്കറി എത്തിക്കുക എന്നിങ്ങനെയുള്ള പദ്ധതികൾ വാർഡിൽ നടക്കുന്നുണ്ട്.
17 കുടുംബശ്രീ യൂണിറ്റുകളെ 25, 30 വീടുകൾ അടങ്ങുന്ന 9 ക്ലസ്റ്ററുകളായി തിരിക്കുകയും ഓരോന്നിനും കോ-ഓർഡിനേറ്റർമാരെ നിയമിക്കുകയും മേൽനോട്ടത്തിന് വാർഡ് തല നോഡൽ ഓഫീസർ, ആശാവർക്കർ, സി.ഡി.എസ് അംഗം, അങ്കണവാടി ടീച്ചർ, ഹെൽത്ത് ഇൻസ്പെക്ടർ, ജാഗ്രതസമിതിയംഗങ്ങൾ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വാർഡ് തല ഏകോപന ചുമതല വാർഡ് മെമ്പർക്കായിരിക്കും. പദ്ധതിയുടെ ഉദ്ഘാടനം ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ. രാജൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേന്ദ്രൻ, വാർഡ് മെമ്പർ എൻ. സലിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജീഷ്, അജ്മൽ, ശ്യാനാഥ് ,ഡോക്ടർ ശൈലേഷ് കുമാർ, പാപ്പാല എൽ.പി.എസ് ഹെഡ് മാസ്റ്റർ കെ.വി. വേണുഗോപാൽ, എസ്. രഘുനാഥൻ നായർ, എസ്. അജയകുമാർ, ഗിരീഷ്, അമർനാഥ്, ലാലി, ബിന്ദു, സരളമ്മ, ആനി എന്നിവർ പങ്കെടുത്തു.