വെഞ്ഞാറമൂട്: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ തകർന്നത് വസ്ത്ര വ്യാപാരികളുടെ പ്രതീക്ഷയാണ്. കഴിഞ്ഞ ഒരു വർഷമായി വസ്ത്ര വിപണി ദുരിതത്തിലാണ്. പ്രളയ ദുരിതത്തിൽനിന്നും ആദ്യ കൊവിഡ് ദുരിതത്തിൽനിന്നും കരകയറി വരുന്നതിനിടെയാണ് ഇരുട്ടടിയായി കൊവിഡ് കേസുകൾ വർദ്ധിച്ചതും വീണ്ടും ലോക്ക് ഡൗൺ വന്നതും. ഇത് വസ്ത്ര വ്യാപാര സ്ഥാപനങ്ങളുടെ നിലനിൽപ്പുതന്നെ ഭീഷണിയിലാക്കി. പെരുന്നാൾ വിപണിയും, സ്കൂൾ തുറക്കലും മുന്നിൽ കണ്ട് ലക്ഷങ്ങളുടെ സാധനങ്ങൾ മുൻകൂട്ടി ഇറക്കിയവരാണ് പലരും. കഴിഞ്ഞ തവണ നേരത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നതിനാൽ വസ്ത്രവ്യാപരികൾ സാധനങ്ങൾ ഇറക്കിയിരുന്നില്ല. എന്നാൽ ഇത്തവണ വലിയതോതിലാണ് വ്യാപാരികൾ സാധനങ്ങൾ ഇറക്കിയത്. ജി.എസ്.ടിയായും വൻ തുക അടച്ചു. ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് പെരുന്നാളും, സ്കൂൾ തുറക്കലും പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് വ്യാപാരികളെ ലോക്കാക്കി വീണ്ടും ലോക്ക് ഡൗൺ വന്നത്.
ഓണം, വിഷു, റംസാൻ, ക്രിസ്മസ്, സ്കൂൾ തുറക്കൽ തുടങ്ങിയ സീസണുകളിലാണ് പ്രധാനമായും വസ്ത്ര വ്യാപാരികളുടെ കൊയ്ത്തുകാലം.
പ്രതീക്ഷ അസ്തമിക്കുന്നു
പെരുന്നാൾ - സ്കൂൾ തുറക്കൽ വിപണി സജീവമാകുന്നതോടെ മുൻ വർഷത്തെ നഷ്ടം നികത്താമെന്നും കച്ചവടം സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു വ്യാപാരികൾ. കൊവിഡ് കേസുകൾ വർദ്ധിച്ചതും ലോക്ക് ഡൗൺ പ്രഖ്യാപിച്ചതും വ്യാപാരികൾക്കൊപ്പം സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്കും വെല്ലുവിളിയായി. മുൻപ് എങ്ങുമില്ലാത്ത കടുത്ത പ്രതിസന്ധിയാണ് മേഖല അഭിമുഖീകരിക്കുന്നത്. ജില്ലയിലെ പ്രമുഖവസ്ത്ര വ്യാപാര സ്ഥാപനങ്ങളെല്ലാം കോടിക്കണക്കിന് രൂപയുടെ വസ്ത്രങ്ങളാണ് പെരുന്നാൾ സീസൺ മുന്നിൽ കണ്ട് ഇറക്കിയത്. ചെറിയ നഗരങ്ങളിലുള്ള കടകൾ വരെ അഞ്ച് ലക്ഷം മുതൽ മുകളിലോട്ടുള്ള വസ്ത്രങ്ങൾ പുതിയതായി വാങ്ങിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.
ട്രൻഡിലെ മാറ്റങ്ങൾ വ്യാപാരികളെ ആശങ്കയിലാക്കുന്നു
നിലവിലെ ട്രെൻഡനുസരിച്ച് ഇറക്കിയ വസ്ത്രങ്ങൾ മാസങ്ങൾ കഴിഞ്ഞാൽ ഫാഷൻ പോവുമെന്നതും വ്യാപാരികളെ ആശങ്കയിലാക്കുന്നുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളും പുരുഷൻമാരുടെ ഷർട്ടുമാണ് പെട്ടെന്ന് ട്രെൻഡ് മാറുന്നത്. കല്യാണവസ്ത്രങ്ങളും പുതിയകാലത്ത് മാസങ്ങൾകൊണ്ട് ട്രെൻഡ് മാറിക്കൊണ്ടിരിക്കുകയാണ്.
സീസണുകളും തുണച്ചില്ല
വിഷു, പെരുന്നാൾ സീസണുകൾ കഴഞ്ഞാൽ വസ്ത്ര വിപണിയെ പിടിച്ചുനിറുത്തുന്നത് കല്യാണ സീസണും ഓണവുമാണ്. സാധാരണ മിഥുനം, ചിങ്ങം മാസങ്ങളിൽ നിരവധി കല്യാണങ്ങൾ നടക്കേണ്ടതാണ്. എന്നാൽ, കൊവിഡ് പ്രതിസന്ധിയിൽ കല്യാണങ്ങൾ ചെറിയ പാർട്ടികളായി ചുരുങ്ങിയതോടെ വസ്ത്ര വ്യാപാരമേഖലയ്ക്ക് കനത്ത തിരിച്ചടിയായി.