മുക്കം: ഉയർന്ന വിദ്യാഭ്യാസ യോഗ്യത തൊഴിലുറപ്പ് ജോലിക്ക് തടസമാകുമോ? ഇല്ലെന്നാണ് പ്രൊഫഷണൽ യോഗ്യത അടക്കം ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയ ഒരു സംഘം യുവാക്കൾ പറയുന്നത്. വിദ്യാഭ്യാസം നേടിയാൽ വൈറ്റ് കോളർ ജോലിയേ ആകാവു എന്നു കരുതുന്ന യുവാക്കൾക്ക് ഈ യുവ സംഘം കാണിച്ചു കൊടുക്കുന്നത് പുതുമാതൃക.
ബി.ടെക് കോഴ്സ് ചെയ്യുന്നവരും ബി.എസ്.സി ഡിഗ്രി നേടിയവരും ബി.എഡ് കഴിഞ്ഞ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അദ്ധ്യാപക ജോലി ചെയ്തവരുമെല്ലാമുണ്ട് ഈ സംഘത്തിൽ. തിരുവമ്പാടി ഗവ. ഐ.ടി.ഐയിൽ പഠിക്കുന്ന കെ.പി. ജ്യോതിഷ്, ബി.ടെക് അവസാന വർഷ വിദ്യാർഥി സിദ്ദിഖ് അൻവർ, ഡിപ്ലോമ വിദ്യാർത്ഥി ആദർശ്, ബി.എസ്.സി കെമിസ്ട്രി വിദ്യാർഥി അക്ഷയ്, അദ്ധ്യാപകനായ സുനീഷ്, കൊടുവള്ളി ഗവ. കോളേജിലെ ബിരുദ വിദ്യാർത്ഥി ഷൈബിൻ എന്നിവരടങ്ങിയ സംഘമാണ് മുക്കം നഗരസഭയിൽ തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.
മുക്കം നഗരസഭയിലെ വെണ്ണക്കോട് ഡിവിഷനിലാണ് സമൂഹത്തെ അമ്പരപ്പിച്ച് ഈ ഹൈടെക് തൊഴിലുറപ്പ് സംഘത്തിന്റെ അരങ്ങേറ്റം. ഇവരിൽ പലരും പഠന ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നതും ജോലി ചെയ്താണ്. വിവാഹ വീടുകളിലെ കാറ്ററിംഗ് ജോലിയും കൂലിപ്പണിക്കാരുടെ സഹായികളുടെ ജോലിയുമെല്ലാം ഇവർ ചെയതിരുന്നു .
എന്നാൽ കൊവിഡ് വ്യാപനം കാര്യങ്ങളെല്ലാം തകിടം മറിക്കുകയും സ്വന്തം ചെലവുകൾക്ക് പോലും പണമില്ലാത്ത അവസ്ഥയിലാവുകയും ചെയ്തു. തുടർന്നാണ് വെണ്ണക്കോട് ഡിവിഷൻ കൗൺസിലറും മുക്കം നഗരസഭ ചെയർമാനുമായ പി.ടി. ബാബുവിനെ സമീപിച്ചത്.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ നഗരസഭയിൽ അപേക്ഷ നൽകാൻ നിർദ്ദേശം ലഭിച്ചു. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡ്രൈഡേ ആചരണത്തിനിടെ കണ്ടുമുട്ടിയ കൂട്ടുകാർ കൂടിയായ ഇവർ ആശയം ചർച്ച ചെയ്തു. തുടർന്ന് ആറുപേരും മുക്കം നഗരസഭയിലെത്തി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായി. രാവിലെ എട്ടരയ്ക്ക് തൂമ്പയുമെടുത്ത് വീട്ടിൽ നിന്നിറങ്ങിയാൽ വൈകീട്ട് നാലു വരെ അധ്വാനിക്കും. വെണ്ണക്കോട് ഡിവിഷനിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾക്ക് 46,000 രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്. നാട്ടിൽ മറ്റു ജോലികൾ ഇല്ലാത്ത സാഹചര്യത്തിൽ 293 രൂപ കിട്ടുന്നത് വലുതാണെന്ന് ഇവർ പറയുന്നു. ജോലി വീടിനടുത്ത് തന്നെയായതിനാൽ ചെലവുകളൊന്നും ഇല്ലെന്നും ഇവർ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമല്ല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ഇവർ മുൻനിര പോരാളികളാണ്.