deshadanakkili

മാഹി: വംശനാശം വന്നുകൊണ്ടിരിക്കുന്ന ജീവികളുടെ തദ്ദേശീയമായി തയ്യാറാക്കേണ്ട പി.ബി.ആർ. പട്ടികയോ ഇവയെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളോ ഇല്ലാത്ത മാഹിയിൽ ദേശാടനക്കിളികൾ ചത്തൊടുങ്ങുകയാണ്. വർഷങ്ങളായി മയ്യഴിയിലെ മുൻസിപ്പൽ മൈതാനിയിലും ടാഗോർ ഉദ്യാനത്തിന് സമീപവും സെമത്തേരി കുന്നിലെ വൻ മരങ്ങളിലുമടക്കമുള്ള മഴമരങ്ങളിൽ കൂടുകൂട്ടുന്ന ദേശാടന പക്ഷികൾ ചത്തൊടുങ്ങുകയാണ്.

ഇക്കഴിഞ്ഞ ദിവസം മാഹി പള്ളിക്ക് സമീപമുള്ള നൂറ് കണക്കിന് പക്ഷികൾ ചേക്കേറിയ മരത്തിൽ നിന്നും ശക്തമായ കാറ്റിൽ കൂടുതകർന്ന് നിരവധി പക്ഷിക്കുഞ്ഞുങ്ങൾ നിലത്ത് വീണു. തെരുവ് പട്ടികൾ ഇവയെ ആഹാരമാക്കി. പക്ഷികൾ ചേക്കേറിയ മഴമരങ്ങൾ നിലനിൽക്കുന്ന നഗരസഭയുടെ ഈ കോമ്പൗണ്ടിൽ കുറ്റികളിൽ ചങ്ങല കെട്ടി സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതിലൂടെ തെരുവ് പട്ടികൾ യഥേഷ്ടം ഇവിടെ വിഹരിക്കുകയാണ്. കമ്പിവലയാണ് കെട്ടിയിരുന്നെങ്കിൽ, അപൂർവയിനം പക്ഷികളുടെ സംരക്ഷണമൊരുക്കാമായിരുന്നു.
പക്ഷികളുടെയും ഇഴജീവികളുടേയും ആവാസ കേന്ദ്രമാണ് ഇന്നും മയ്യഴിയിലെ ആൾ പെരുമാറ്റം അധികമൊന്നും കടന്നു ചെന്നിട്ടില്ലാത്ത ചില പ്രദേശങ്ങൾ. വിജനമായ വന സമാനമായ സെമത്തേരി കുന്നിലെ വൻ മരങ്ങളിൽ ഉത്തര കേരളത്തിലെ കടൽ തീരത്ത് മാത്രം കാണപ്പെടുന്ന അത്യപൂർവയിനത്തിൽ പെട്ട കൂറ്റൻ വെള്ളവയറൻ കടൽ പരുന്തുകളെ കാണാം. ഇവിടെയാണ് അതിന്റെ പ്രജനനം നടക്കുന്നത്. കടൽ പാമ്പിനെ ഭക്ഷിക്കുന്ന ഇവ , പ്രത്യേകതരം ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. കള്ളുണ്ണി, കരണ്ടാം പുലി, വെള്ളിമൂങ്ങ. കാട്ടുപൂച്ച, മുള്ളൻപന്നി, ഉടുമ്പ്, ചെമ്പോത്ത്, പൊൻ മാൻ, വെരുക്, കീരി, കുറുക്കൻ, കാലൻകോഴി, അണ്ണാൻ, ആമ, ചകോരാദി, കുളക്കോഴി തുടങ്ങി ഒട്ടേറെ അപൂർവയിനം വംശനാശ ഭീഷണി നേരിടുന്ന ജീവികൾ മയ്യഴിയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

നീർത്തടങ്ങളിലും തോടുകളിലുമായി കാണപ്പെടുന്ന പലതരം കൊക്കുകൾ, കൈച്ചലുകൾ, മുഴു, കണ്ണി ക്കുറിയൻ, പോലുള്ള ശുദ്ധജല മത്സ്യങ്ങളും, നീർക്കോലി, ചേര, ഇരുതലമൂരി പോലുള്ള പാമ്പുകളും നാമാവശേഷമായിക്കൊണ്ടിരിക്കുന്നു. അഴീമുഖത്തെ മൂപ്പൻകുന്ന്, പന്തോക്കാവ് പരിസരം, ചെമ്പ്ര അയ്യപ്പൻകാവ്, ചാലക്കര കിഴന്തൂർ ക്ഷേത്രത്തിലെ നാഗക്കോട്ട, മാഹിയിലെ ഭരണിക്കൽകാവ്, കുന്നുമ്മൽ പാലം പരിസരത്തെ നീർത്തടങ്ങൾ, തുടങ്ങിയ ഇടങ്ങളിൽ ഒട്ടേറെ അപൂർവ്വയിനം ജീവജാലങ്ങളുണ്ട്.
ഓരോ പ്രദേശങ്ങളലേയും ജൈവ വൈവിദ്ധ്യങ്ങളുടെ ആധികാരികമായ ജനകീയരേഖയായ (പി.ബി.ആർ) രജിസ്റ്റർ സമർപ്പിക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് പ്രതിമാസം പത്ത് ലക്ഷം രൂപ വീതം പിഴ ഈടാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധിയുണ്ട്. ഇതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ നിന്നും തുക ഈടാക്കണമെന്നും വിധിയിലുണ്ട്. അടുത്ത വർഷം ജനുവരി 31നകം രജിസ്റ്റർ സമർപ്പിക്കാത്തവരിൽ നിന്നും പിഴ ഈടാക്കും.എന്നാൽ മയ്യഴിയിൽ കൃഷി വകുപ്പിന്റെ നിയന്ത്രണത്തിലാണ് കാര്യങ്ങൾ പേരിനെങ്കിലും നടക്കുന്നത്.