വർക്കല: ലോക്ക്ഡൗൺ കാലത്ത് കുടിവെള്ളം കിട്ടാക്കനിയായിരിക്കുകയാണ് നഗരസഭയിലെ 18-ാം വാർഡിൽ പനമൂട് മഹാവിഷ്ണുക്ഷേത്രം മുതൽ ചിലക്കൂർ ചുമടുതാങ്ങി ജംഗ്ഷൻ വരെയുള്ള പ്രദേശത്തുള്ളവർക്ക്. ഭൂരിഭാഗം പേർക്കും സ്വന്തമായി കിണറില്ല. വാട്ടർ അതോറിട്ടിയുടെ പൈപ്പ് ലൈൻ മത്രമാണ് ഏകാശ്രയം. പലവീടുകളിലും കൊവിഡ് രോഗികളുമുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും കഴിഞ്ഞ രണ്ടാഴ്ചക്കാലത്തിലേറെയായി ഇവിടെ കുടിവെള്ളം എത്തിക്കാത്ത വാട്ടർ അതോറിട്ടിയുടെ നടപടിയിൽ നഗരസഭ കൗൺസിലർ ഷീന കെ.ഗോവിന്ദ് പ്രതിഷേധം രേഖപ്പെടുത്തി. എത്രയും വേഗം ഇത് പരിഹരിക്കുന്നില്ലെങ്കിൽ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ പ്രത്യക്ഷ സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പും നൽകി.