നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഒന്നു വരണം, നിയമസഭയിലേക്ക് വലതുകാൽ വച്ചൊന്നു കയറണം, കിട്ടുന്ന മന്ത്രിക്കസേരയിൽ (മുഖ്യമന്ത്രിയുടേതായാലും സാരല്യ) ചാഞ്ഞും ചരിഞ്ഞും അഞ്ചുകൊല്ലം ഇരിക്കണം, കേരളത്തിലെ ജനങ്ങളെ ഭരിച്ചും സ്നേഹിച്ചും ഒരു നിലയിലെത്തിക്കണം... നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരും വരെ യു.ഡി.എഫിന്റെ പല നേതാക്കളും മനസിൽ പേറിയ നടക്കാതെ പോയ സ്വപ്നമായിരുന്നു ഇത്. പക്ഷെ എന്തു ചെയ്യാം കേരളത്തിലെ ജനങ്ങൾ ഇങ്ങനെ സ്വപ്നം കാണാതെ പോയി. നിയമസഭയുടെ ഒരു മൂലയിൽ ,അധികം സ്ഥലം അപഹരിക്കാത്ത ഉത്തമ പ്രതിപക്ഷമായി യു.ഡി.എഫ് മാറി. ഇനി സഭയിൽ പ്രതിപക്ഷ നേതാവിന്റെ സാമ്പത്തിക ശാസ്ത്രാധിഷ്ഠിത, അഴിമതിവിരുദ്ധ, വർഗീയവിരുദ്ധ പോരാട്ടസമ്പുഷ്ട, സമത്വസുന്ദര പ്രസംഗം ഇടയ്ക്കിടെ കേൾക്കാം. ശ്രുതി മീട്ടാൻ തിരുവഞ്ചൂരും താളം പിടിക്കാൻ പി.ടി. തോമസും ഹൈലസ പറയാൻ മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടിയും ചെന്നിത്തലയുമൊക്കെ ഉണ്ടാവുമെന്നും പ്രതീക്ഷിക്കാം.
എങ്കിലും കോൺഗ്രസ് അനുഭാവികളെ പുളകം കൊള്ളിച്ചത് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള നേതാക്കളുടെ പ്രതികരണ പ്രകടനമായിരുന്നു. ധാർമ്മികതയിൽ പിടിച്ചായിരുന്നു കളി. ഭാരിച്ച തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുക്കലായിരുന്നു പിന്നീട് - മുല്ലപ്പള്ളി വഹ, ഉമ്മൻചാണ്ടി വഹ, ചെന്നിത്തല വഹ. കൈവശം ധാർമ്മികത തികയാഞ്ഞിട്ടാണോ എന്തോ ഡൽഹിയിൽ നിന്ന് മാന്ത്രിക ദണ്ഡുമായെത്തിയ കെ.സി. വേണുഗോപാൽ വഹ ഒന്നുമുണ്ടായില്ല.
കെ.സുധാകരൻ, കെ.മുരളീധരൻ, കെ.സി. ജോസഫ് തുടങ്ങി എപ്പോഴും ശബ്ദിക്കാറുള്ള ചില നേതാക്കളാവട്ടെ കോൺഗ്രസിനെ രക്ഷിക്കാനുള്ള മാർഗങ്ങൾക്കായി ധ്യാനത്തിലായിരുന്നതിനാൽ അവരുടെ വഹയും ഒന്നുമുണ്ടായില്ല. പക്ഷെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഹൈക്കമാൻഡ് വഹ ഒരു തീരുമാനമുണ്ടായി - പ്രതിപക്ഷ നേതാവിനെ മാറ്റാൻ. തിരഞ്ഞെടുപ്പിൽ തോറ്റാൽ ഇത്തരത്തിൽ മാറ്റങ്ങൾ വേണമെന്ന് ആവശ്യപ്പെടാൻ നേരത്തെ തങ്ങൾ തീരുമാനിച്ചിരുന്നതായി പുതിയ പ്രതിപക്ഷനേതാവ് വെളിപ്പെടുത്തുകയും ചെയ്തു.
ചെറിയൊരു ഫ്ളാഷ്ബാക്ക്
എന്തെല്ലാം ദോഷങ്ങൾ പറഞ്ഞാലും പാർട്ടിക്കായാലും ഭരണതലത്തിലായാലും സംസ്ഥാനത്തിന് നിരവധി സംഭാവനകൾ നൽകിയ നേതാവും ഭരണാധികാരിയുമായിരുന്നു ലീഡർ കെ.കരുണാകരൻ. അദ്ദേഹത്തിന്റെ സ്നേഹത്തണലിൽ വളർന്നവർ പിന്നീട് അക്കാര്യം മറന്നുപോയെങ്കിലും പഴയ തലമുറക്കാരായ രാഷ്ട്രീയ അനുഭാവികൾ ഇപ്പോഴും ചിലതെല്ലാം ഓർക്കുന്നുണ്ട്. ഇഷ്ടക്കാരെ വാരിപ്പുണരുകയും മമത തോന്നാത്തവരെ പടിക്കു പുറത്ത് നിറുത്തുകയും ചെയ്യുന്ന സവിശേഷതയും ലീഡർക്കുണ്ടായിരുന്നു. അദ്ദേഹം സ്നേഹവും വാത്സല്യവും ചേർത്ത് ഉരുട്ടിക്കൊടുത്ത ഉരുള ഉണ്ടവർ നിരവധിയുണ്ട്. പക്ഷെ അതേ ലീഡർ തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്തിൽ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ അലയൊലികൾ ഇപ്പോഴും അങ്ങിങ്ങായി മുഴങ്ങുന്നുണ്ട്.
മക്കൾ രാഷ്ട്രീയവും തിരുത്തൽ വാദവും ആരോപണ ശരങ്ങളിൽ നട്ടം തിരിഞ്ഞ കെ.കരുണാകരന്റെ മുഖവുമെല്ലാം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം ചികഞ്ഞാൽ കാണാവുന്ന ദൃശ്യങ്ങളാണ്. ഇതിനെല്ലാം എപ്പോഴെങ്കിലും പ്രായശ്ചിത്തം വേണ്ടേ എന്നത് ചോദിക്കേണ്ടത് കാലമാണ്.
മുഖം മിനുക്കി വെടിപ്പാക്കൽ
ഇങ്ങനെ പോയാൽ 'പൊടി പോലുമില്ല കണ്ടുപിടിക്കാൻ' എന്ന മട്ടിലാവും കേരളത്തിലെ കോൺഗ്രസിന്റെ അവസ്ഥയെന്ന് ഹൈക്കമാൻഡിന് മനസിലായി.( കുത്തകയായിരുന്ന അമേത്തി മണ്ഡലം കൈവിട്ടപ്പോഴും രാഹുലിനെ താങ്ങി നിറുത്താൻ പാവം വയനാട്ടുകാർ വേണ്ടിവന്നു). എങ്ങനെയും ഇവിടെ കോൺഗ്രസിനെ ശക്തിപ്പെടുത്തണം. തലമുറ മാറ്റമല്ലാതെ ഇനി വേറെ പോംവഴിയില്ലെന്ന് രാഷ്ട്രീയ ജ്യോത്സ്യന്മാർ വിധിച്ചു. അങ്ങനെ പ്രതിപക്ഷ നേതാവിലൂടെ മാറ്റത്തിന് തുടക്കമിടാനും തീരുമാനമായി. 66 കാരനായ രമേശ് ചെന്നിത്തല സ്വപ്നങ്ങളെല്ലാം ഇറക്കിവച്ച് സ്ഥാനമൊഴിഞ്ഞു.
കെ.പി.സി.സി പ്രസിഡന്റു സ്ഥാനത്താണ് അടുത്ത ശുദ്ധികലശമെന്നാണ് കേൾക്കുന്നത്. തലമുറമാറ്റ പ്രകാരം 73 കാരനായ കെ.സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് ഒരു വിഭാഗത്തിന്റെ ഇംഗിതം. അഥവാ ഇക്കാര്യത്തിൽ ഹൈക്കമാൻഡിന് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ ചുമതല ഏറ്റെടുക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്ന് തങ്ങൾ പിന്മാറില്ലെന്ന് ഒരേ സ്വരത്തിലാണ് പ്രൊഫ.കെ.വി.തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി.തോമസ്,കെ.സി.ജോസഫ് തുടങ്ങിയ യുവനിര അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിൽ ഏതു യുവാവിനെ നിശ്ചയിക്കുമെന്നതാണ് മറ്റൊരു പ്രശ്നം.
തലമുറമാറ്റക്കാരുടെ ധാർമ്മികത
കഴിഞ്ഞ പിണറായി സർക്കാരിനെ ആദ്യവസാനം മുൾമുനയിൽ നിറുത്തിയത് രമേശ് ചെന്നിത്തല എന്ന പ്രതിപക്ഷനേതാവാണെന്നത് രഹസ്യമായി ഇടതുപക്ഷക്കാർ പോലും സമ്മതിക്കുന്നുണ്ട്. ബ്രുവറി ലൈസൻസ്, സ്പ്രിംഗ്ളർ ഇടപാട്,ആഴക്കടൽ മത്സ്യ ബന്ധന ലൈസൻസ്, വോട്ടർപട്ടികയിലെ ഇരട്ടിപ്പ് തുടങ്ങി അദ്ദേഹം കൊണ്ടുവന്ന എല്ലാ ആരോപണങ്ങളും ശരിവയ്ക്കുന്നതായിരുന്നു സർക്കാരിന്റെ അതിൽ നിന്നെല്ലാമുള്ള പിന്മാറ്റം. വാർത്താസമ്മേളനങ്ങളിൽ അദ്ദേഹം ഓരോ ആരോപണവും പുറത്തു വിടുമ്പോൾ കേരളം ഇളകി മറിയുമെന്ന് ജനം പ്രതീക്ഷിച്ചു. ഒന്നും സംഭവിച്ചില്ല. ശക്തമായ തെളിവുകൾ നിരത്തിയതു കൊണ്ട് മാത്രം സർക്കാരിന് പലപ്പോഴും പിന്നാക്കം പോവേണ്ടി വന്നുവെന്ന് മാത്രം.
പ്രതിപക്ഷ നേതാവ് കൊണ്ടു വന്ന ആരോപണങ്ങൾ കെ.പി.സി.സി നേതൃത്വം കണ്ടില്ലെന്ന് നടിച്ചു, മുഖം മിനുക്കാൻ നടക്കുന്ന യൂത്തന്മാർ സമരം മറന്നപോലെ നടിച്ചു. കൊവിഡിന്റെ അവധിക്കാലമായതിനാൽ കെ.എസ്.യുവിന് വേണ്ടത്ര വീര്യം കിട്ടിയില്ല.കെ.പി.സി.സി ആസ്ഥാനത്ത് തൊള്ളതുറക്കുന്ന വിദ്വാന്മാർ പലരും ഒരു വാർത്താ സമ്മേളനം നടത്തിപ്പോലും പ്രതിപക്ഷ നേതാവിന് പിന്തുണ നൽകിയില്ല. ഇതെല്ലാം മറന്നുകൊണ്ടാണ് ഇപ്പോഴൊരു മിനുക്കൽ.
ഇതുകൂടി കേൾക്കണേ...
കേരളത്തിലെ ഗ്രൂപ്പ് മാനേജർമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾ പങ്കിടുകയാണെന്ന് ആക്ഷേപിച്ചാണ് ഹൈക്കമാൻഡ് അനുഗ്രഹത്തോടെ അഖിലേന്ത്യാ നേതാവ് സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടത്. സ്വന്തം നിലയിൽ അദ്ദേഹവും നിറുത്തി കുറച്ചു സ്ഥാനാർത്ഥികളെ. ആരും പച്ചതൊട്ടില്ലെന്ന് മാത്രം. പക്ഷെ ധാർമ്മികത ഡൽഹിയിൽ വച്ചിട്ടു വന്നതിനാൽ അദ്ദേഹത്തിന് പ്രകടിപ്പിക്കാൻ പറ്റാതെ പോയി. ക്ഷമിക്കണം.