കല്ലമ്പലം: കരവാരം പഞ്ചായത്തിലെ 17 - ാം വാർഡിലുൾപ്പെട്ട ചാത്തമ്പറ - ചുള്ളിയിൽകോണം - പ്ലാമുറ്റം റോഡ് തകർന്നിട്ട് മാസങ്ങളായി. സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തോരാത്ത മഴയിൽ റോഡിന്റെ പല ഭാഗങ്ങളും ഒലിച്ചു പോയതോടെ കാൽനടപോലും അസാദ്ധ്യമായി. മുപ്പതോളം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്ത് രോഗികളും വയോധികരും ഉൾപ്പെടെയുള്ളവർ റോഡ് തകർന്നത് മൂലം ദുരിതമനുഭവിക്കുകയാണ്. കഴിഞ്ഞ 10 വർഷമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യവുമായി നാട്ടുകാർ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. തകർന്ന റോഡിലൂടെ അത്യാവശ്യത്തിന് ഓട്ടോ പോലും ഓടുന്നില്ല. റോഡ് നവീകരിച്ച് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് നാട്ടുകാർ പറഞ്ഞു.