പാലോട്: കൊവിഡ് ബാധിച്ച് അച്ഛൻ മരിച്ചതോടെ ഇനി എങ്ങനെ മുന്നോട്ടുപോകുമെന്ന പേടിയിലാണ് ഒരു കുടുംബം.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച പ്ലാവറ ചരുവിള വിഷ്ണുഭവനിൽ ലോറൻസിന്റെ കുടുംബമാണ് ഇപ്പോൾ പ്രതിസന്ധിയിലായത്. നന്ദിയോട്, പാലോട് ജംഗ്ഷനുകളിലെ കടകളിൽ വെള്ളം കോരി കൊടുത്താണ് വികലാംഗൻ കൂടിയായ ലോറൻസ് കുടുംബം പോറ്റിയിരുന്നത്. ആകെയുള്ളത് 5 സെന്റ് വസ്തുവാണ്. പഞ്ചായത്തിൽ നിന്നും ലഭിച്ച പണി പൂർത്തിയാകാത്ത വീട്ടിലാണ് താമസം. ഭാര്യ മിനി ഹൃദ്രോഗിയാണ്. പത്താം ക്ലാസ്സ്കഴിഞ്ഞ വിഷ്ണുവും ഇനി പത്താം ക്ലാസ്സിലെത്തുന്ന വൈഷ്ണവി യുമാണ് മക്കൾ. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയ വിഷ്ണു പഠിക്കുന്ന നന്ദിയോട് എസ്.കെ.വി സ്കൂൾ അദ്ധ്യാപകർ ഒരു ആടിനെ വാങ്ങി നൽകിയിരുന്നു. മിനിക്കും വിഷ്ണുവിനും വൈഷ്ണവിക്കും ഇനിയുള്ള കാലം മുന്നോട്ടു പോകണമെങ്കിൽ നല്ലവരായ നാട്ടുകാരുടെ സഹായം കൂടിയേ കഴിയൂ. പഞ്ചായത്തിൽ നിന്നും ലഭിച്ച വീട് ഇപ്പോൾ മഴ പെയ്താൽ താമസിക്കാൻ കഴിയാത്ത നിലയിലാണ്. ഇവരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. ഗ്രാമ പഞ്ചായത്ത് മെമ്പർ രാജ് കുമാർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബിച്ചു, സബിൻ, അഖിൽ രാജ് എന്നിവർ ചേർന്ന് ഭക്ഷ്യധാന്യങ്ങൾ എത്തിച്ചു നൽകിയതൊഴിച്ചാൽ യാതൊരു സാഹായവും ഇവർക്ക് നാളിതുവരെ ലഭിച്ചിട്ടില്ല. ഇവരെ സഹായിക്കണമെന്ന് ആഗ്രഹമുള്ളവർ മിനിയുടെ 9745789981 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
.