general

ബാലരാമപുരം: ഗ്രന്ഥശാലയിൽ പുസ്തകങ്ങൾ മാത്രമല്ല ഇനി ഓക്സിജനും ലഭിക്കും. ജവഹർ സ്മാരക ഗ്രന്ഥശാലയിലെ അക്ഷര സേന പ്രവർത്തകരാണ് കൊവിഡ് രോഗികൾക്കായി ഓക്സിജൻ എത്തിക്കുന്നത്. ഷെൽ സ്ക്വയർ സോഫ്ട് വെയർ എം.ഡിയും ഗ്രന്ഥശാല അംഗവുമായ അരുൺ ഗ്രന്ഥശാലയ്ക്ക് നല്കിയ ഓക്സിജൻ കോൺസെൻട്രേറ്ററാണ് രോഗികൾക്ക് ആശ്വാസമാകുന്നത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞു വരുന്നവർക്ക് അടിയന്തിരമായി ഇതുവഴി ഓക്സിജൻ സ്വീകരിക്കുവാൻ കഴിയും. ഓക്സിജൻ കോൺസെൻട്രേറ്റർ ഉപയോഗിച്ച് അന്തരീക്ഷവായു ശുദ്ധീകരിച്ച് ഓക്സിജനാക്കി രോഗികൾക്ക് നേരിട്ട് നല്കാം. ഒരു മിനിട്ടിൽ ഒരു ലിറ്റർ മുതൽ പത്ത് ലിറ്റർ വരെ ഓക്സിജൻ ഉൽപ്പാദിപ്പിക്കാനാകും. ഗ്രന്ഥശാലയുടെ അക്ഷര സേന അംഗങ്ങളുടെ നേതൃത്വത്തിലാണ് ഓക്സിജൻ വിതരണം നടക്കുന്നത്. ഉപയോഗശേഷം അണുവിമുക്തമാക്കി അടുത്തയാൾക്കും ഇത് ഉപയോഗിക്കാം. ഷെൽസ് സ്ക്വയർ സോഫ്ട് വെയർ ഉടമ അരുണിന്റെ പിതാവും ഗ്രന്ഥശാല സ്ഥാപക അംഗവുമായ സുരേന്ദ്രനിൽ നിന്നും ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എം. മഹേഷ് കുമാർ ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ വിഴിഞ്ഞം മേഖല കൺവീനർ എസ്.കെ. വിജയകുമാർ, ഗ്രന്ഥശാല സെക്രട്ടറി സതീഷ് കിടാരക്കുഴി, അക്ഷര സേന കൺവീനർ അഡ്വ.അഖിൽ എസ്.ചന്ദ്രൻ ,ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി കെ. ചന്ദ്രമോഹനൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.