നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഹീ ആൻഡ് ഷീ ടൊയ്ലെറ്റ് സ്ഥാപിച്ചിട്ട് മാസങ്ങളായി. ഉദ്ഘാടനം കഴിഞ്ഞിട്ടും നാളിതുവരെ ആവശ്യക്കാർക്ക് തുറന്നുകൊടുക്കാൻ ഇതുവരെ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ ജില്ലാപഞ്ചായത്താണ് പൊതുജനങ്ങൾക്കായി രണ്ട് ബാത്തുറൂമും രണ്ട് ടൊയ്‌ലെറ്റും നിർമ്മിച്ച് നൽകിയത്. ഇരുപത് ലക്ഷം രൂപ ചെലവാക്കി അത്യാധുനിക രീതിയിലാണ് ഇവ നിർമ്മിച്ചിട്ടുളളത്. നിർമ്മാണം പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും ഇവ തുറന്നുനൽകിയിട്ടില്ല.
3000 രൂപ അഡ്വാൻസും 3000 രൂപ വാടക വീതവും നിശ്ചയിച്ച് അംഗപരിമിതരായ ആൾക്കാർക്ക് കരാറടിസ്ഥാനത്തിൽ ഇവ നടത്തിപ്പിനായി നൽകാനാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുളളത്. ഇതനുസരിച്ച് ആശുപത്രി അധികൃതർ പരസ്യം നൽകിയെങ്കിലും ഇതുവരെയും ഏറ്റെടുത്ത് നടത്താൻ തയാറായി ആരും മുന്നോട്ട് വന്നിട്ടില്ല. കരാറെടുക്കുന്നവർക്ക് ടൊയ്‌ലെറ്റുകൾ ഉപയോഗിക്കുന്ന പൊതുജനങ്ങളിൽ നിന്നും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചിട്ടുളള നിശ്ചിത ഫീസ് ഈടാക്കാം. ആശുപത്രി വികസന സമിതിയ്ക്കും ജില്ലാപഞ്ചായത്തിനുമാണ് നടത്തിപ്പ് ചുമതല. ടൊയ്‌ലെറ്റുകളുടെ പ്രവർത്തന മേൽനോട്ടം ആശുപത്രി അധികൃതർക്കാണ്. എന്നാൽ ആശുപത്രിയിൽ വാർഡുകളിലും മറ്റും നിരവധി ടൊയ്‌ലെറ്റുകൾ ഉണ്ടെങ്കിലും അവിടെയൊന്നും പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ടൊയ്‌ലെറ്റുകൾ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്ന ആവശ്യം ശക്തമാണ്.
ടൊയ്‌ലെറ്റ് റെഡി, എന്നിട്ടും
ആശുപത്രിയിൽ പൊതു ടൊയ്ലറ്റുകൾ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മാറി വരുന്ന ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്ക് മുന്നിൽ രാഷ്ട്രീയ ഭേദമെന്യേ ഈ ആവശ്യമുന്നിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ജില്ലാ പഞ്ചായത്താണ് ഇതിന് മുൻകൈയ്യെടുത്തത്. ആശുപത്രിയിലെത്തുന്നവർ ബസ് സ്റ്റാൻഡ് പരിസരത്തെ ടൊയ്ലെറ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും ആശുപത്രി അധികൃതരുടെ ആവശ്യവും പരിഗണിച്ചാണ് ജില്ലാ പഞ്ചായത്ത് ടൊയ്‌ലെറ്റുകൾ പൂർത്തിയാക്കി ആശുപത്രിക്ക് കൈമാറിയിട്ടുളളത്. കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാലാണ് നടത്തിപ്പിന് ആൾക്കാരിൽ നിന്ന് കരാറെടുക്കുന്നതിന് കാലതാമസ മുണ്ടാകുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.