നെയ്യാറ്റിൻകര: നെയ്യാറ്റിൻകര താലൂക്കിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെളളം കയറി. താലൂക്കിലെ വിവിധ കൃഷിയിടങ്ങളിൽ 60 ലക്ഷത്തിൽപ്പരം രൂപയുടെ നാശമാണ് ഉണ്ടായതെന്ന് കൃഷി വകുപ്പ് അറിയിച്ചു. നഗരസഭാ പ്രദേശത്തെ രാമേശ്വരം, വഴുതൂർ, കീഴ്കൊല്ല, പനങ്ങാട്ടുകരി, അതിയന്നൂർ, മണലൂർ ഏലാകളിലാണ് വ്യാപക കൃഷിനാശം.ഇവിടുത്തെ വാഴ, പച്ചക്കറികൾ, മരച്ചീനി വിളകൾ പൂർണമായും നശിച്ചു. കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ നെയ്യാറ്റിൻകര കൃഷി ഓഫീസർ സന്ദർശിച്ചു. വിളനഷ്ടം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.