shop-closed

നാഗർകോവിൽ: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ അവശ്യ സർവീസുകൾ ഒഴികെ മറ്റ് വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. ജനങ്ങൾ സർക്കാരിന്റെ നിർദ്ദേശ പ്രകാരം വീട്ടിൽ തന്നെ തുടരുകയാണ്. പഴക്കടകളും, പച്ചക്കറിക്കടകളും അടഞ്ഞു കിടന്നു. മെഡിക്കൽ സ്റ്റോറുകൾ പാൽ, പത്രം, ആശുപത്രി, ലാബ്‌ തുടങ്ങിയവ പ്രവർത്തിക്കുന്നതിൽ തടസമുണ്ടായിരുന്നില്ല. ഹോട്ടലുകളിൽ പാർസൽ മാത്രമേ നൽകിയിളു. ആശുപത്രി, മരണാന്തര ചടങ്ങ് എന്നിവയ്ക്ക് പോകാൻ വാഹനങ്ങൾക്ക് അനുമതി നൽകിയിരുന്നു. പച്ചക്കറി, പഴവർഗ്ഗങ്ങൾ എല്ലാം വീടുകളിൽ എത്താനുള്ള സൗകര്യവും ജില്ലാ കളക്ടർ അരവിന്ദ് ഒരുക്കി. കഴിഞ്ഞ ദിവസം നിയന്ത്രണം ലംഘിച്ച് വിവാഹചടങ്ങുകൾ നടത്തിയവർക്കെതിരെ പൊലീസ് കേസ് എടുക്കുകയും പിഴ ഈടക്കുകയും ചെയ്തു. വരുന്ന 30 വരെ ഈ നിയന്ത്രണങ്ങൾ തുടരും.

അതേസമയം,​ കന്യാകുമാരിയിൽ കൊവിഡിന്റെ രണ്ടാം തരംഗത്തിൽ ഇതുവരെ 137 പൊലീസ് ഉദ്യോഗസ്ഥർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇതിൽ 88 പേർ ആശുപത്രി വിടുകയും 49 പേർ നിലവിൽ ചികിത്സയിലുമുണ്ട്.

തമിഴ്നാട് വൈദ്യശാസ്ത്ര -പൊതുക്ഷേമ മന്ത്രി സുബ്രഹ്മണ്യൻ ഇന്നലെ വൈകിട്ട് കന്യാകുമാരിയിൽ എത്തി. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ നേരിൽ കണ്ട് വിലയിരുത്തുവനായിരുന്നു മന്ത്രി എത്തിയത്.

കർശന പരിശോധന

ഡി.എസ്.പി, എ.എസ്.പി മുതൽ ജില്ലാ പൊലീസ് മേധാവി വരെ റോഡുകളിൽ ഇറങ്ങി വാഹന പരിശോധന നടത്തുന്നുണ്ട്. അനാവശ്യമായി പുറത്ത് ഇറങ്ങുന്നവരുടെ വാഹനവും പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നു. അതിർത്തിയിലെ 20 ചെക്ക്പോസ്റ്റുകളിലും പരിശോധന ശക്തമാക്കി. കൂടാതെ ജില്ലയൊട്ടാകെ 60 മൊബൈൽ ടീമുകളെയും നിയോഗിച്ചു. ഇടറോഡുകൾ എല്ലാം തന്നെ പൊലീസ് ബാരിക്കാട് ഉപയോഗിച്ച് അടച്ച് നിയന്ത്രണങ്ങൾ ശക്തമാക്കി.

137 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ്

ജില്ലാ പൊലീസ് മേധാവിക്കും

കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണനും കൊവിഡ് സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസം രാത്രി പനി അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കൊവിഡ് കണ്ടെത്തിയത്. എസ്.പി ബദ്രി നാരായണൻ നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.