unni

പോത്തൻകോട്: ഭാര്യ ആത്മഹത്യചെയ്ത കേസിൽ നടൻ ഉണ്ണി രാജൻ പി.ദേവിനെ അങ്കമാലി കറുകുറ്റിയിലെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. മേയ് 12നാണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്ക (26) തിരുവനന്തപുരം വട്ടപ്പാറയിലെ കുടുംബ വീട്ടിൽ ജീവനെടുക്കിയത്.ഭർതൃവീട്ടിലെ ശാരീരിക, മാനസിക പീഡനം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് കാട്ടി സഹോദരൻ വിഷ്ണു വട്ടപ്പാറ പൊലീസിൽ പരാതി നൽകിയിരുന്നു. ജീവനൊടുക്കുംമുമ്പ് പ്രിയങ്കയും പരാതി നൽകിയിരുന്നു.

ഉണ്ണിയുടെ അമ്മയും അന്തരിച്ച നടൻ രാജൻ.പി ദേവിന്റെ ഭാര്യയുമായ ശാന്തയെയും പ്രതി ചേർത്തിട്ടുണ്ട്. കൊവിഡ് പോസീറ്റീവായി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനാൽ ഇവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കൊവിഡ് ബാധിച്ചെങ്കിലും ഉണ്ണി രോഗമുക്തനായെന്ന് അറിഞ്ഞാണ് നെടുമങ്ങാട് ഡിവൈ.എസ്‌.പി ഉമേഷിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ അറസ്റ്റ് ചെയ്‌തത്. അങ്കമാലിയിലെ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തിയശേഷം കാക്കനാട് ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വൈകിട്ടോടെ തിരുവനന്തപുരത്തെത്തിച്ച ഉണ്ണിയെ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കും.

2019 നവംബർ 21നായിരുന്നു വിവാഹം.തൊടുപുഴയിലെ സ്വകാര്യ സ്‌കൂളിൽ നീന്തൽ അദ്ധ്യാപികയായിരുന്ന പ്രിയങ്ക. വിവാഹശേഷം കാക്കനാട്ടെ നിലംപതിഞ്ഞമുകളിലെ ജെയിൻ ടഫ്നെൽ ഫ്ളാറ്റിലാണ് വാടകയ്ക്ക് താമസിച്ചത്.

ഈ ഫ്ളാറ്റ് സ്വന്തമാക്കാനുള്ള പണത്തിനായി പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി മൊഴിയുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകാരണം ദമ്പതികൾ കറുകുറ്റിയിലെ വീട്ടിലേക്ക് താമസം മാറ്റി.

ഭർതൃവീട്ടിൽ ഉപദ്രവം കൂടുന്നതായും കൂട്ടിക്കൊണ്ടുപോകണമെന്നും പറഞ്ഞു പ്രിയങ്ക കരഞ്ഞുകൊണ്ടു വിളിച്ചെന്നും അതുപ്രകാരമാണ് കൂട്ടിക്കൊണ്ടു പോന്നതെന്നും സഹോദരൻ വിഷ്ണു പറയുന്നു. പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നു.

പ്രിയങ്കയെ ദേഹോപദ്രവം ഏൽപ്പിച്ച് വധഭീഷണി മുഴക്കി ഒരു രാത്രി മുഴുവൻ വീടിന് പുറത്താക്കിയതിന്റെയും അസഭ്യം വിളിച്ചതിന്റെയും വീഡിയോ ദൃശ്യങ്ങൾ സഹോദരൻ പൊലീസിന് കൈമാറിയിരുന്നു.

വിവാഹത്തിന് 35 പവനും പണവും നൽകിയിരുന്നുവെന്നും ഇടയ്ക്കിടെ കഴിയുന്നത്ര പണം കൊടുത്തു സഹായിച്ചിരുന്നതായും വിഷ്ണു പറയുന്നു.