ആറ്റിങ്ങൽ: കൊവിഡ് ഭീതിയിൽ പുറത്തിറങ്ങാതെ ദിവസങ്ങളായി പട്ടിണി കിടന്നിരുന്ന കുടുംബത്തിന് ഭക്ഷണവും ഭക്ഷ്യ വസ്തുക്കളും എത്തിച്ചു. അവനവഞ്ചേരി ​ഗ്രാത്തുംമുക്ക് നിവാസികളായ മൂന്ന് അംഗകുടുംബത്തിലാണ് ഡി.വൈ.എഫ്.ഐ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശ്വാസം നൽകിയത്.

യൂണിറ്റിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി അവനവഞ്ചേരി പ്രദേശത്ത് ഭക്ഷ്യക്കിറ്റും കൊവിഡ് പ്രതിരോധ ഉപകരണങ്ങളും വിതരണം ചെയ്യുന്നതിനിടയിലാണ് ഈ കുടുംബത്തിന്റെ അവസ്ഥ അറിയുന്നത്.

ഗൃഹനാഥൻ അവശനിലയിലായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചു. ഇവർക്ക് ആഹാരം പാകം ചെയ്യുന്നതിനുള്ള പാചകവാതക സിലിണ്ടറും ആവശ്യമായ ഭക്ഷ്യവസ്തുക്കളും നൽകി. ചെയർപേഴ്സൺ അഡ്വ. എസ്. കുമാരി,​ വാർഡ് കൗൺസിലർ ആർ.എസ്. അനൂപ്,​ സി.പി.എം പ്രവർത്തകൻ കെ. ഗിരികുമാർ എന്നിവർ നേതൃത്വം നൽകി.