പാറശാല: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിലും കാറ്റിലും സർവവും നഷ്ടപ്പെട്ട് കർഷകർ. ജില്ലയിലെ കാർഷിക പഞ്ചായത്ത് എന്നറിയപ്പെടുന്ന ചെങ്കൽ, കുളത്തൂർ ഗ്രാമപഞ്ചായത്തുകളിലെ കർഷകരാണ് ദുരിതത്തിലായത്.
ചെങ്കൽ പഞ്ചായത്തിലെ കർഷകർക്ക് ആശ്വാസം പകരാൻ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.
എട്ട് ഹെക്ടറോളം വിസ്തീർണമുള്ള മേലമ്മാകം ഏലായിലെ ആറര ഹെക്ടറിൽ ഇടവിളയായി കൃഷി ചെയ്തിട്ടുള്ള പയർ വെള്ളത്തിനടിയിലായി നശിച്ചു. മറ്റ് ഏലാകളിലെ അടുത്ത കൃഷിക്കായി പാകിയിരുന്ന ഞാറുകൾ, വാഴ, മരച്ചീനി, പച്ചക്കറികൾ തുടങ്ങിയവ എല്ലാം വെള്ളത്തിനടിയിലായി.
മഴ വെള്ളത്തെ തടയുന്നതിനായി ഏലായിൽ നിന്നും വെള്ളം തുറന്ന് വിടുന്ന ഭാഗത്ത് ഷട്ടർ സ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി അനുവദിച്ച തുക കൺവീനർമാർ വകമാറ്റി ചെലവാക്കിയത് കാരണം എലാവികസനത്തിനായി യാതൊന്നും ചെയ്തില്ലെന്നാണ് നാട്ടുകാരുടെ പരാതി. തോട്ടിൽ നിന്നും ഏലായിലേക്ക് വെള്ളം കയറിയ കാരണം ഇവിടത്തെ കൃഷി കഴിഞ്ഞ പത്ത് ദിവസത്തോളമായി വെള്ളത്തിനടിയിലാണ്. കാർഷിക വിളകൾ നഷ്ടപ്പെട്ട കർഷകരെ സഹായിക്കുന്നതിനായി സർക്കാരിന്റെ പ്രതിനിധികൾ പഞ്ചായത്തിലെ കാർഷിക പ്രദേശങ്ങൾ സന്ദർശിച്ച് കർഷകർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാത്ത പക്ഷം കർഷകർ കൃഷിയിൽ നിന്നും പിന്തിരിയുന്നതിന് കാരണമാകുന്നതാണ്.
നശിച്ചത് - 100 ഹെക്ടർ കൃഷി
പാടശേഖര സമിതികൾ
ചെങ്കൽ പഞ്ചായത്തിലെ പാടശേഖര സമിതികൾ ആറ് എണ്ണമാണ്. മേലമ്മാകം, ജില്ലയിലെ തന്നെ ഏറ്റവും വലിയ പാടശേഖരം ഉൾപ്പെടുന്ന കീഴമ്മാകം, വ്ലാത്താങ്കര, കരിക്കകം, പോരന്നൂർ, ആറയൂർ.
ഫണ്ടുകൾ വകമാറ്റി
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിവിധ കാർഷിക വികസന പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും അവയൊന്നും ഫലവത്തായില്ലെന്നാണ് കർഷകർ പറയുന്നത്. പദ്ധതികൾ നടപ്പിലാക്കിയതിലെ വീഴ്ചകളാണ് കാരണമായി പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി തന്നെ കാർഷിക വികസന പദ്ധതികളുടെ നടത്തിപ്പിനായി മൂന്ന് കോടിയിലേറെ രൂപ ആറ് പാടശേഖര സമിതികൾക്കായി നൽകിയിരുന്നുവെങ്കിലും പിന്നീട് അത് വകമാറ്റി റോഡ് വികസനം ഉൾപ്പെടെയുള്ള മരാമത്ത് പണികൾക്കായി ചെലവഴിക്കുകയായിരുന്നു.
കാർഷിക ഗ്രാമപഞ്ചായത്ത് എന്നറിയപ്പെടുന്ന ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കർഷകരെ രക്ഷിക്കുന്നതിനായി സർക്കാർ അടിയന്തര നടപടികളുമായി മുന്നോട്ട് വന്ന് കർഷകരെ രക്ഷിക്കേണ്ടതാണ്.
തച്ചക്കുടി ഷാജി, പൊതുപ്രവർത്തകൻ, മര്യാപുരം, ചെങ്കൽ