പിങ്ക് നിറത്തിലെ സാരിയും മനോഹരമായ ആഭരണങ്ങളും ധരിച്ച് ട്രഡീഷണൽ ലുക്കിൽ നിൽക്കുന്ന ഈ പാവയെ എവിടെയോ കണ്ട പോലെ തോന്നുന്നില്ലേ. ! അടുത്തിടെ നടന്ന മിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഡ്‌ലിൻ കാസ്‌റ്റെലിനോ ' നാഷണൽ കോസ്റ്റ്യൂം " റൗണ്ടിൽ ധരിച്ചിരുന്ന വേഷമാണിത്. 22 കാരിയായ അഡ്‌ലിന്റെ മിസ് യൂണിവേഴ്സ് ലുക്കിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഈ പാവ നിർമ്മിച്ചിരിക്കുന്നത്.
ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രാവൺ കുമാർ എന്ന ഫാഷൻ ഡിസൈനറാണ് അഡ്‌ലിന്റെ മനോഹരമായ സാരിയ്ക്ക് പിന്നിൽ. അഞ്ച് മാസത്തിലേറെ സമയമെടുത്ത് കൈകൊണ്ട് തുന്നി നിർമ്മിച്ചതാണ് ഈ പിങ്ക് സാരി. ഇന്ത്യയുടെ ദേശീയ പുഷ്പമായ താമരയെ പശ്ചാത്തലമാക്കിയാണ് സാരിയ്ക്ക് പിങ്ക് നിറം തിരഞ്ഞെടുത്തത്.
നിഗേഷൻ എന്ന ശ്രീലങ്കൻ കലാകാരനാണ് ഈ പാവയ്ക്ക് പിന്നിൽ. തന്റെ രൂപത്തിലുള്ള പാവയുടെ ചിത്രങ്ങൾ അഡ്‌ലിൻ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരുന്നു. ഇതുപോലെ മനോഹരമായ പാവകളിലൂടെ ഇതിനു മുമ്പും ലിഗേഷൻ ശ്രദ്ധേയനായിരുന്നു. മാധുരി ദീക്ഷിത്, അനുഷ്ക ശർമ്മ തുടങ്ങിയ ബോളിവുഡ് സെലിബ്രിറ്റികളുടെ പാവകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.