കാട്ടാക്കട: മൊബൈൽ റെയ്ഞ്ചില്ലാത്ത നാടിന് വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതി ഏഴാം ക്ലാസുകാരി ദക്ഷിണ മോഹു. കത്തിന് മറുപടിയായി കള്ളിക്കാട് പഞ്ചായത്തിൽ പ്രധാനമന്ത്രി ഇടപെട്ട് ആടുവള്ളിയിൽ മൊബൈൽ ടവർ സ്ഥാപിച്ചു. പ്രധാന മന്ത്രിക്ക് കത്തെഴുതിയ ദക്ഷിണയ്ക്ക് അഭിനന്ദനവുമായി നിരവധിപേർ രംഗത്തെത്തി. കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ ആടുവള്ളിയിൽ മൊബൈൽ റെയ്ഞ്ചും ഇന്റർനെറ്റുമില്ലാതെ ബുദ്ധിമുട്ടിയിരുന്ന നാട്ടുകാർക്ക് അനുഗ്രഹമായിരിക്കുകയാണ് കള്ളിക്കാട് മൈലക്കര ആടുവള്ളി സുനീവരത്തിൽ മോഹുവിന്റെ മകൾ ദക്ഷിണയുടെ കത്ത്. കഴിഞ്ഞ 10 വർഷമായി നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു മൊബൈൽ ടവർ സ്ഥാപിക്കാൻ ബന്ധപെട്ടവർ മുൻകൈയെടുത്തില്ല. സ്ഥലത്തെ ഹിൽവ്യൂ റസിഡന്റ്സ് അസോസിയേഷനും പ്രദേശവാസികളും സ്വകാര്യ മൊബൈൽ സേവനദാതാക്കളെ സമീപിച്ചെങ്കിലും പരിഹാരമായില്ല. ലോക്ക്ഡൗണിൽ പഠനം ഓൺലൈനായപ്പോൾ കുട്ടികളും രക്ഷിതാക്കളും ബുദ്ധിമുട്ടിലായി. കഴിഞ്ഞ സെപ്റ്റംബർ 20ന് ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ദക്ഷിണ നാടിന്റെ ദുരവസ്ഥ വിശദീകരിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ഒക്ടോബർ 14ന് ടെലികോം മന്ത്രാലയം മറുപടി അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് സ്വകാര്യ അധികൃതർ സ്ഥലം പരിശോധിക്കുകയും മൊബൈൽ ടവർ സ്ഥാപിക്കുകയും ചെയ്തു. റെയ്ഞ്ചും നെറ്റും ലഭ്യമായതിനാൽ നാട്ടുകാർക്കും സന്തോഷം. തങ്ങളുടെ ആവശ്യം പരിഗണിച്ച പ്രധാനമന്ത്രിക്ക് നന്ദി പറയുകയാണ് ദക്ഷിണയും കുടുംബവും. പിതാവ് മോഹു സെക്രട്ടേറിയറ്റ് ജീവനക്കാരനും മാതാവ് അശ്വതി വനംവകുപ്പ് ഉദ്യോഗസ്ഥയുമാണ്.