photo

പാലോട്: ക്ഷീരകർഷകർ എത്തിക്കുന്ന മുഴുവൻ പാലും സംഭരിച്ച് ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധിയിൽ കർഷകരുടെ അത്താണിയായി മാറുകയാണ് പെരിങ്ങമ്മല ക്ഷീരോദ്പാദക സഹകരണ സംഘം. ട്രിപ്പിൾ ലോക്ക് ഡൗണിന്റെ മറവിൽ പലരും ക്ഷീരകർഷകരിൽ നിന്ന് പാൽ എടുക്കാൻ അറച്ചു നിന്നപ്പോൾ, എല്ലാ ദിവസവും രണ്ടുനേരം മുടങ്ങാതെ പാൽ സംഭരിച്ച് മിൽമയിൽ എത്തിക്കുകയാണ് സംഘം ഭാരവാഹികൾ. 2 നേരമായി 500 ലിറ്റർ പാലാണ് ഓരോ ദിവസവും മിൽമയ്ക്ക് നൽകുന്നത്. ക്ഷീരസംഘങ്ങൾ കർഷകരെ കൈയൊഴിയുകയും ഗത്യന്തരമില്ലാതെ പാൽ ഒഴുക്കി കളയുകയും ചെയ്യുന്ന വാർത്തകൾക്കിടയിലാണ് പെരിങ്ങമ്മല ക്ഷീരസംഘത്തിന്റെ മാതൃകാ പ്രവർത്തനം. 25 വർഷമായി പാൽ സംഭരണം മുടങ്ങിക്കിടന്ന സംഘം കഴിഞ്ഞ അഞ്ച് വർഷമായി ഉയർത്തെഴുന്നേല്പിന്റെ പാതയിലാണ്. പാൽ സബ്സിഡി, തീറ്റ സബ്സിസി, കാലിതൊഴുത്തു പുനരുദ്ധാരണം, പാൽ വില ഇൻസെന്റീവ്, വയ്ക്കോൽ സബ്സിഡി എന്നിവ ഫലപ്രഥമായി വിതരണം ചെയ്യുന്നു. 2016 ഒക്ടോബറിൽ നിലവിലെ സംഘം പ്രസിഡന്റ് ഡി. പുഷ്കരാനന്ദന്റെ നേതൃത്വത്തിൽ നിലവിൽ വന്ന മൂന്നംഗ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയാണ് സംഘത്തിന്റെ ഉയർപ്പിന് വഴിയൊരുക്കിയത്. കർഷകർക്ക് ത്രിതല പഞ്ചായത്തിന്റെ സഹായത്തോടെ 40,000 രൂപ വീതം വായ്പ്പ അനുവദിച്ചു. ഏഴു പേർക്ക് മിൽമ റിവോൾവിംഗ് ഫണ്ടും 6 പേർക്കു പട്ടികജാതി പദ്ധതി വിഹിതവും നൽകി. 2018 ജനുവരിയിലാണ് പുഷ്കരാനന്ദൻ പ്രസിഡന്റായി ഭരണ സമതി നിലവിൽ വന്നത്. നിലവിലെ ഭരണ സമിതി 3 വർഷം പൂർത്തിയാക്കുമ്പോൾ ക്ഷീരസംഘത്തിന് സ്വന്തമായി ഭൂമി വാങ്ങാൻ ഫണ്ട് ശേഖരിച്ച് സർക്കാരിന്റെ അനുവാദത്തിനായി കാത്തിരിക്കുകയാണ് ഭരണസമിതി.