kk

മേൽനോട്ടം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി,​ ചീഫ് സെക്രട്ടറി,​ കിഫ്ബി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വമ്പൻ സ്വപ്നപദ്ധതികൾ മുഖ്യമന്ത്രിക്ക് പൂർണ നിയന്ത്രണമുള്ള പുതിയ 'സൂപ്പർ വകുപ്പി'ന്റെ മേൽനോട്ടത്തിൽ സമയബന്ധിതമായി നടപ്പാക്കാൻ രൂപരേഖ. ജൂൺ നാലിന് ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിക്കുന്ന കന്നി ബഡ്‌ജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും ചേർന്നായിരിക്കും പുതിയ വികസന വകുപ്പിന്റെ നിയന്ത്രണം. പദ്ധതി നടത്തിപ്പ് കിഫ്ബി വഴി. ഒന്നാം പിണറായി സർക്കാരിന്റെ വമ്പൻ പദ്ധതികൾക്ക് സാമ്പത്തിക പിൻബലം നൽകിയ കിഫ്ബിയുടെ സി.ഇ.യും മുൻ ചീഫ് സെക്രട്ടറിയുമായ കെ. എം എബ്രഹാമാണ് മുഖ്യമന്ത്രിയുടെ പുതിയ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിൽ വികസന കാര്യങ്ങൾക്കു മാത്രമായി സ്വതന്ത്ര വകുപ്പ് രൂപീകരിച്ചത്.

ഒന്നാം പിണറായി സർക്കാർ ആവിഷ്‌കരിച്ച അഭിമാനപദ്ധതികൾ നിശ്ചിത കാലയളവിൽ പൂർത്തിയാക്കുകയാണ് പ്രധാന ലക്ഷ്യം. ഒപ്പം, പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. കഴിഞ്ഞ തവണ പ്രളയവും കൊവിഡും ചേർന്ന് വികസനക്കുതിപ്പ് മന്ദഗതിയിലാക്കിയതിന്റെ കോട്ടം പരിഹരിക്കാനാണ് രണ്ടാം ടേമിൽ പിണറായി സർക്കാരിന്റെ ഉന്നം.

മുഖ്യമന്ത്രിക്ക് സൂപ്പർ പവർ

 റൂൾസ് ഒഫ് ബിസിനസ് ഭേദഗതി ചെയ്‌ത് മുഖ്യമന്ത്രിക്കുംചീഫ് സെക്രട്ടറിക്കും കൂടുതൽ അധികാരം

 മുഖ്യമന്ത്രിക്ക് ഏതു വകുപ്പിലെയും പദ്ധതികൾ നേരിട്ട് നിയന്ത്രിക്കാം

 വകുപ്പു സെക്രട്ടറിമാർക്ക് മന്ത്രിമാരെ മറികടന്ന് ചീഫ് സെക്രട്ടറി വഴി മുഖ്യമന്ത്രിക്ക് ഫയലുകൾ കൈമാറാം

 പദ്ധതികളുടെ അനുമതിയും വായ്പാനടപടികളും വേഗത്തിലാകും, ഫയലുകളിൽ പെട്ടെന്ന് തീരുമാനം

 വിമർശനങ്ങളെ തുടർന്ന് റൂൾസ് ഒഫ് ബിസിനസ് ഭേദഗതി നീക്കം കഴിഞ്ഞ ടേമിൽ നടന്നില്ല

 ഇത്തവണ പുതുമുഖ മന്ത്രിമാർ ആയതിനാൽ എതിർപ്പുണ്ടാകില്ലെന്ന് പ്രതീക്ഷ

വമ്പൻ പദ്ധതികൾ

 തിരുവനന്തപുരം- കാസർകോട് സെമി ഹൈ സ്‌പീഡ് റെയിൽ- 63941കോടി.

വിശദ പദ്ധതി രേഖ തയ്യാറായി. 383 ഹെക്ടർ ഭൂമിക്ക് 13,​000 കോടി.

കെ.ഫോൺ ഇന്റർനെറ്റ് - 1028.20കോടി

ആദ്യഘട്ടം കമ്മിഷൻ ചെയ്‌തു. ഏഴ് ജില്ലകളിലെ സർക്കാർ സ്ഥാപനങ്ങൾക്ക്. ജനങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ഉടൻ

തിരുവനന്തപുരം ലൈറ്റ് മെട്രോ --7446കോടി

35.16 കിലോമീറ്റർ റെയിൽ പാതയും ലൈറ്റ് മെട്രോ സർവീസും. മന്ത്രിസഭ അനുമതി നൽകി.

കൊച്ചി സ്മാർട്ട് സിറ്റി -- 4000കോടി

14.70 ലക്ഷം ചതുരശ്ര അടി. രണ്ടു ഘട്ടം പൂർത്തിയായി. 2023ൽ പൂർത്തിയാക്കും.

കൊച്ചി - ബംഗളുരു വ്യവസായ ഇടനാഴി-- 1038 കോടി.

കേന്ദ്രപദ്ധതി, 1351 ഏക്കർ ഏറ്റെടുക്കണം. അനുമതിയായി.

വിഴിഞ്ഞം തുറമുഖം -- 6595കോടി

2015ൽ തുടങ്ങി. 1000 ദിവസത്തിനകം പൂർത്തിക്കാൻ ലക്ഷ്യമിട്ടു. പൂർത്തിയായിട്ടില്ല

400 കി. മീ. പ്രകൃതി വാതക പൈപ്പ് ലൈൻ -- 4500 കോടി

ഇന്ത്യൻ ഒായിൽ - അദാനി ഗ്യാസ് സംരംഭം. 2020ൽ അനുമതി.