സംഘത്തിൽ ഒമ്പതുപേരെന്ന് പൊലീസ്
ആറ്റിങ്ങൽ: ബിവറേജ് കോർപ്പറേഷന്റെ ആറ്റിങ്ങലിലെ ഗോഡൗണിൽ നിന്ന് വിദേശമദ്യക്കുപ്പികൾ മോഷ്ടിച്ച സംഭവത്തിൽ ഒരാളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. കവലയൂർ മൂങ്ങോട് പൂവത്തുവീട്ടിൽ രജിത്തിനെ (47) വർക്കലയിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പത് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവർ ഉടൻ പിടിയിലാകുമെന്ന് ഡിവൈ.എസ്.പി ഹരി പറഞ്ഞു. പ്രതിയെ ഗോഡൗണിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ആഡംബര കാറിൽ സഞ്ചരിക്കുന്ന രജിത് നാല് തവണയാണ് ഇവിടെനിന്ന് മദ്യം മോഷ്ടിക്കാൻ നേതൃത്വം നൽകിയത്. കൂട്ടാളികൾ ബൈക്കുകളിലെത്തി മോഷണം നടത്തുമ്പോൾ കാറിലിരുന്ന് പരിസരം വീക്ഷിച്ച് നിർദ്ദേശം നൽകുകയും മോഷണം നടന്ന അറിയിപ്പ് ലഭിച്ചാൽ കാറുമായെത്തി മദ്യക്കുപ്പികൾ സ്വീകരിക്കുകയുമായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ രജിത് പറഞ്ഞു. ലോക്ക് ഡൗൺ കാലമായതിനാൽ വലിയ വിലയ്ക്കായിരുന്നു സംഘം മോഷ്ടിച്ച മദ്യം വിറ്റിരുന്നത്. കഴിഞ്ഞ ദിവസം വർക്കല നിന്ന് അംബാസഡർ കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ മദ്യം പിടികൂടിയതോടെയാണ് അന്വേഷണം ആറ്റിങ്ങൽ ഗോഡൗണിലേക്ക് എത്തിയത്. ഇയാളുടെ ആഡംബര കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡിവൈ.എസ്.പി ഹരി, സി.ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.