കല്ലറ: കേരള കൗമുദി വാർത്ത തുണയായി. പാങ്ങോട് ഗ്രാമപഞ്ചായത്തിലെ ഭരതന്നൂർ നെല്ലിക്കുന്നിൽ പ്രവർത്തിക്കുന്ന പ്രൈമറി ഹെൽത്ത് സെന്ററിൽ ഒരു ഡോക്ടറെയും രണ്ട് നഴ്സുമാരെയും കൂടി നിയമിച്ചു. ഇതോടെ ദീർഘകാലമായി ജനങ്ങൾ അനുഭവിക്കുന്ന ചികിത്സാ ബുദ്ധിമുട്ടിന് പരിഹാരമായി.

ഇക്കഴിഞ്ഞ 19 ന് കേരള കൗമുദിയിൽ " പരാധീനതകൾക്ക് നടുവിൽ ഭരതന്നൂർ ആശുപത്രി " എന്ന പേരിൽ ആശുപത്രിയുടെ അവസ്ഥയെക്കുറിച്ച് വാർത്ത നൽകിയിരുന്നു.

ഇനി മുതൽ പി.എച്ച്.സിയിലെ ഒ.പി രാവിലെ 9 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കും. നേരത്തെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെയായിരുന്നു ഒ.പി. ഒരു ഡോക്ടർ മാത്രമായി എല്ലാ ഡ്യൂട്ടികളും ചെയ്യേണ്ടി വന്നിരുന്നതിനാൽ ഒ.പിയുടെ പ്രവർത്തനം മിക്കപ്പോഴും മുടങ്ങിയിരുന്നു. ഈ അവസ്ഥയ്ക്ക് ഇതോടെ പരിഹാരമായിട്ടുണ്ട്. ഒപ്പം രണ്ട് നഴ്സുമാരുടെ സേവനവും ലഭ്യമാക്കിയത് ഈ മേഖലയിലെ ജനങ്ങൾക്ക് ഏറെ ഗുണകരമാണ്. മിക്കപ്പോഴും ചികിത്സ തേടിയെത്തുന്നവർ ഇവിടുത്തെ അസൗകര്യങ്ങൾ കാരണം പാലോടോ കല്ലറയിലോ പോകേണ്ട ഗതികേടിലായിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പുതുതായി നിയമിച്ച ഡോക്ടറുടെയും നഴ്സുമാരുടെയും സേവനം ലഭ്യമായിരിക്കുമെന്ന് പാങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. ഷാഫിയും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അൻവർ പഴവിളയും അറിയിച്ചു.