കോവളം: വാഴമുട്ടം പാറവിളയിൽ പാറ വീണ് വീട് തകർന്നതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ പാറകൾ മുഴുവൻ ഇന്നുമുതൽ പൊളിച്ച് മാറ്റും. പ്ലാവിള വീട്ടിൽ അശോകന്റെ വീടാണ് മുപ്പതടി ഉയരത്തിൽ നിന്നുളള പാറ വീണ് തകർന്നത്. സ്ഥലത്തുളള മറ്റ് മൂന്ന് വീടുകളും അപകടഭീഷണിയിലാണ്. മഴവെളളപ്പാച്ചിലിൽ ഇപ്പോഴും കുന്നിടിച്ചിലുണ്ടാകുന്നത് പ്രദേശവാസികളെ ആശങ്കപ്പെടുത്തുകയാണ്. ഇതേത്തുടർന്നാണ് പാറകൾ പൊട്ടിച്ച് നീക്കം ചെയ്യുന്നതെന്ന് സംഭവസ്ഥലം സന്ദർശിച്ച ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ്‌കുമാർ പറഞ്ഞു. അശോകന്റെ വീട്ടിലേക്ക് വീണ കൂറ്റൻ പാറകളാണ് ആദ്യം നീക്കംചെയ്യുക. തുടർന്ന് സമീപത്തെ കുന്നിലുളള പാറകളും നീക്കംചെയ്യും. ഇതിനായി മേജർ ഇറിഗേഷനെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.