wool

പർപ്പിൾ നിറത്തിലെ കുഞ്ഞൻ ആനയും കൂൺ തലകളോട് കൂടിയ രൂപങ്ങളും കമ്പിളിത്തുണിയിൽ നിർമ്മിച്ചതാണെന്ന് കണ്ടാൽ പറയുമോ.! യിൻ യൂ എന്ന ചൈനീസ് കലാകാരിയാണ് ഇതിന് പിന്നിൽ. വുൾ ഫെൽറ്റ് ഉപയോഗിച്ചാണ് യിൻ ഇവയൊക്കെ നിർമ്മിക്കുന്നത്.

കമ്പിളി നാരുകൾ ഷീറ്റുപോലെ കൂട്ടിച്ചേർത്തെടുക്കുന്ന ഒരിനം കമ്പിളിത്തുണിയാണ് വുൾ ഫെൽറ്റ്. പത്ത് വർഷം മുമ്പാണ് യിന്നിന് കമ്പിളികളോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. പിന്നീട് ആ ഇഷ്ടത്തെ കരിയറാക്കി മാറ്റുകയായിരുന്നു. അടുത്തിടെ ബീജിംഗിലെ ഒരു ആർട്ട് സെന്ററിൽ സംഘടിപ്പിച്ച എക്സിബിഷനിലൂടെ യിന്നിന്റെ കലാസൃഷ്ടികൾ ഏറെ ശ്രദ്ധിക്കപ്പെടാൻ കാരണമായി. കസേരകളിൽ ഇരിക്കുന്ന കൂൺ തലയോട് കൂടിയ രൂപങ്ങളാണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം.

ഇന്റർനെറ്റിലൂടെയാണ് താൻ വുൾ ഫെൽറ്റ് ആർട്ടിനെ പറ്റി പഠിച്ചതെന്ന് 31കാരിയായ യിൻ പറയുന്നു. ആദ്യം ഹോബിയായി തുടങ്ങിയതാണെങ്കിലും പിന്നീട് പ്രൊഫഷൻ ആക്കി മാറ്റുകയായിരുന്നു.

യിൻ കമ്പളിത്തുണിയിൽ നിർമ്മിച്ചെടുത്ത കുട്ടിയാനയ്ക്ക് ഒരു മനുഷ്യക്കുഞ്ഞിന്റെയത്ര വലിപ്പമുണ്ട്. ഭ്രൂണാവസ്ഥയിലുള്ള ആനക്കുട്ടിയേയാണ് യിൻ ആവിഷ്കരിച്ചിരിക്കുന്നത്. അതിന് പിന്നിലൊരു കാരണമുണ്ട്. തന്റെ അഞ്ചു മാസം പ്രായമുള്ള മകനെ ഗർഭം ധരിച്ചിരിക്കെയാണ് യിൻ ഈ ആനക്കുട്ടിയുടെ രൂപം നിർമ്മിക്കാൻ തുടങ്ങിയത്.

യിന്നിന്റെ കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന പ്രദർശനം ഏപ്രിലിലാണ് തുടങ്ങിയത്. സെപ്റ്റംബർ വരെ ഇത് തുടരും. യിന്നിന്റെ സൃഷ്ടികൾക്ക് ചൈനീസ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ആരാധകരേറെയാണ്.