തിരുവനന്തപുരം: സി.പി.എമ്മും സി.പി.ഐയും മന്ത്രിമാരിൽ പഴയ മുഖങ്ങളെ മാറ്റി പുതുമുഖങ്ങളെ പരീക്ഷിച്ച രണ്ടാം പിണറായി സർക്കാരിൽ പക്ഷേ, മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണൽ സ്റ്റാഫിൽ കാര്യമായ മാറ്റമില്ല.
പ്രൈവറ്റ് സെക്രട്ടറിയായി മുൻ എം.പി കെ.കെ. രാഗേഷിനെ നേരത്തേ നിയമിച്ചതാണ് വലിയ മാറ്റം. പൊളിറ്റിക്കൽ സെക്രട്ടറിയായി പുത്തലത്ത് ദിനേശൻ തുടരും. മറ്റുള്ളവരിൽ നിലവിലെ സ്റ്റാഫംഗങ്ങളെ തന്നെ നിയമിച്ച് ഇന്നലെ ഉത്തരവിറങ്ങി. പ്രസ് വിഭാഗം അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി.പി. അബൂബക്കർ വ്യക്തിപരമായ അസൗകര്യം കാരണം സ്വയം ഒഴിവായിട്ടുണ്ട്. ശാസ്ത്രസാങ്കേതിക വിഭാഗത്തിൽ കഴിഞ്ഞതവണ ഉപദേഷ്ടാവായിരുന്ന എം.സി.ദത്തനെ ശാസ്ത്ര വിഭാഗത്തിൽ മാർഗ്ഗദർശിയാക്കി സ്റ്റാഫിൽ ഉൾപ്പെടുത്തി. മറ്റ് ഉപദേഷ്ടാക്കളെ നിയമിച്ചിട്ടില്ല.
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി എ. രാജശേഖരൻ നായരും അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിമാരായി സി.എം. രവീന്ദ്രൻ, പി. ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരും തുടരും. മറ്റ് നിയമനങ്ങൾ: എൻ.പ്രഭാവർമ്മ - മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ). പി.എം. മനോജ്- പ്രസ് സെക്രട്ടറി. എ.സതീഷ്‌കുമാർ, സാമുവൽ ഫിലിപ്പ് മാത്യു- അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാർ. വി.എം.സുനീഷ്- പേഴ്സണൽ അസിസ്റ്റന്റ്. ജി.കെ. ബാലാജി- അഡിഷണൽ പി.എ.