തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപം കണ്ടെത്താൻ സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ ബിഗ് ഡെമോ ഡേയ്ക്ക് മികച്ച പ്രതികരണം. പതിനഞ്ചോളം കോർപ്പറേറ്റ് സ്ഥാപനങ്ങളും പത്തിലധികം അന്താരാഷ്ട്ര പ്രതിനിധികളും വെർച്വൽ പ്രദർശനത്തിൽ പങ്കെടുത്തു. മുന്നൂറോളം പേർ സ്റ്റാർട്ടപ്പുകളുമായി തത്സമയ ആശയവിനിമയം നടത്തി. യൂണിസെഫിന്റെ കീഴിലുള്ള ക്ലൈമറ്റ് സീഡ് ഫണ്ടിന്റെയും ഹാബിറ്റാറ്റിന്റെയും ഉദ്യോഗസ്ഥർ സ്റ്റാർട്ടപ്പുകളുടെ സ്റ്റാളുകൾ സന്ദർശിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ സംസാരിക്കുകയും ചെയ്തു. പത്തോളം ഫണ്ടിംഗ് ഏജൻസികൾ സ്റ്റാർട്ടപ്പുകളുടെ സാമ്പത്തിക ആവശ്യങ്ങൾ നേരിട്ട് മനസിലാക്കി. എയ്ഞ്ചൽ നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പരിപാടിയിൽ പങ്കെടുത്ത സ്റ്റാർട്ടപ്പുകളുടെ പ്രതീക്ഷ. ആരോഗ്യം, കൃഷി, ഊർജം, ഇ മൊബിലിറ്റി, ജല സംരക്ഷണം, റോബോട്ടിക്സ്, ഐ.ഒ.ടി മേഖലകളിൽ നിന്നു തിരഞ്ഞെടുത്ത പന്ത്രണ്ട് സ്റ്റാർട്ടപ്പുകളാണ് ഉത്പന്നങ്ങൾ ഓൺലൈനായി പ്രദർശിപ്പിച്ചത്.കേരള ഐ.ടി സെക്രട്ടറി കെ.മുഹമ്മദ് വൈ സഫീറുള്ള,കെ.എസ്.യു.എം സി.ഇ.ഒ തപൻ റായഗുരു എന്നിവർ നേതൃത്വം നൽകി.