കയ്യൂർ (കാസർകോട്): ആരോഗ്യമേഖലയിലെ കൂട്ടായ്മയുടെ മികവിന് കയ്യൂർ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രത്തെ തേടി ഇത്തവണയും ദേശീയ അംഗീകാരമെത്തി. മൂന്ന് ഡോക്ടർമാരുടെ നേതൃത്വത്തിൽ 40 ഓളം ജീവനക്കാർ നടത്തിയ പരിശ്രമത്തിനുള്ള പൊൻതൂവൽ ആണ് ഈ നേട്ടം. 2020-21 വർഷത്തെ നാഷണൽ ക്വാളിറ്റി അഷൂറൻസ് സ്റ്റാൻഡേർഡ് (NQAS) അവാർഡ് 100 ൽ 99% മാർക്ക് നേടി ഒന്നാം സ്ഥാനത്തോടെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം നിലനിർത്തിയ വിവരം മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപിച്ചത്.
കൊവിഡ് വ്യാപനം മൂലം കഴിഞ്ഞ വർഷം വിലയിരുത്തൽ നടത്തിയിരുന്നില്ല. ഒരേ മനസോടെ നടത്തിയ ടീം വർക്കാണ് കയ്യൂരിനെ മുന്നിലെത്തിച്ചത്. മുതിർന്നവരും കൗമാരക്കാരും എൻഡോസൾഫാൻ ദുരിതബാധിതരും അടക്കമുള്ള ജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തിൽ കാണിച്ച അതീവ ശ്രദ്ധയും പ്രത്യേക പദ്ധതികളുമാണ് മികവുറ്റതാക്കിയത്. നാല് പ്രധാന പരിശോധനകളിലാണ് കയ്യൂർ മുന്നിലെത്തിയത്. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലായി നടത്തുന്ന പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന സ്കോർ ആണ് ഇതിന് മാനദണ്ഡം.
വികസനത്തിന് 2 ലക്ഷം രൂപ
രോഗീപരിചരണം, ഫാർമസി സേവനം, ലാബ് സേവനം, പൊതുജനാരോഗ്യ ഇടപെടൽ, ഭരണനിർവഹണം എന്നീ തലങ്ങളിലെ വിവിധ മേഖലകളിൽ നടത്തുന്ന സൂക്ഷ്മ പരിശോധയിലൂടെയാണ് സ്കോർ ലഭിച്ചത്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച 12 സ്ഥാപനങ്ങളും കേരളത്തിലാണ്. അതിൽ 99% മാർക്ക് ലഭിച്ച് ഒന്നാം സ്ഥാനത്താണ് കയ്യൂർ കുടുംബാരോഗ്യകേന്ദ്രം. വിജയികൾക്ക് ഓരോ വർഷവും 2 ലക്ഷം രൂപ സ്ഥാപനത്തിന്റെ വികസനത്തിനായി സർക്കാർ അനുവദിക്കും. ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതികളിൽ ആരോഗ്യമേഖലയിൽ നൂതനമായ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുള്ള അംഗീകാരം കൂടിയാണ് ഈ അവാർഡ്. മെഡിക്കൽ ഓഫീസർ ഡോ. പി.വി. അരുൺ, ഡോ. ലിനി ജോയ്, ഡോ. അരുൺകുമാർ എന്നിവരാണ് ഈ കൂട്ടായ്മയുടെ ശിൽപികൾ. ഇവരുടെ നേതൃത്വത്തിലുള്ള 40 ജീവനക്കാരിൽ 30 പേരും സ്ഥിരം ജീവനക്കാരാണ്. എൻ.ആർ.എച്ച്.എം ജീവനക്കാർ ഉൾപ്പെടെ മറ്റു 10 പേരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു. മറ്റൊരു ഡോക്ടർ നിലവിൽ നീലേശ്വരം ആശുപത്രിയിൽ കൊവിഡ് ഡ്യൂട്ടിയിലാണ്.
അംഗീകാരത്തിൽ ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയാണ് പ്രധാനം. എല്ലാവരും ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗം സഹകരിച്ചില്ലെങ്കിൽ എല്ലാ പരിശ്രമവും പാഴായിപോകും. ഈ പ്രതിസന്ധി കാലത്തും കഴിഞ്ഞ തവണത്തെ സ്‌കോർ തന്നെ നിലനിർത്താൻ കഴിഞ്ഞത് വലിയ നേട്ടമായി കരുതുന്നു.
ഡോ. പി.വി. അരുൺ
മെഡിക്കൽ ഓഫീസർ
ആരോഗ്യമേഖലയിലെ ഈ നേട്ടം തുടർന്നും നിലനിർത്തി കൊണ്ടുപോകാനുള്ള ശ്രമം തുടരും
കെ.പി. വത്സലൻ
കയ്യൂർ- ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്