പോത്തൻകോട്: അറിയപ്പെടുന്ന നീന്തൽതാരമാകാൻ മകൾ ഏറെ ആഗ്രഹിച്ചിരുന്നതായി ജീവനൊടുക്കിയ പ്രിയങ്കയുടെ അമ്മ ജയ. ഇതുമായി ബന്ധപ്പെട്ട് പ്രിയങ്കയുടെ ഭർത്താവ് ഉണ്ണി രാജൻ പി. ദേവ് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പഠിക്കവേ നീന്തൽ മത്സരങ്ങളിൽ മെഡലുകൾ നേടിയിരുന്നു.വളരെയേറെ ഉയരങ്ങൾ കീഴടക്കേണ്ടതായിരുന്നു മകൾ. ഉണ്ണി രാജൻ പി. ദേവിനെ വിവാഹം കഴിച്ചതോടെ അതെല്ലാം ഉപേക്ഷിക്കേണ്ടിവന്നു. മകളെ പ്രലോഭിപ്പിച്ച് ഒന്നര വർഷത്തിലേറെ പ്രണയിച്ച ശേഷമാണ് വിവാഹം കഴിച്ചത്. സ്കൂളിലെ ജോലി പോലും നഷ്ടപ്പെടുത്തേണ്ടിവന്നു.
ഞങ്ങൾക്കാർക്കും ഈ വിവാഹത്തിന് ഇഷ്ടമുണ്ടായിരുന്നില്ല. ഉണ്ണിയുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു.
വിവാഹ സമയത്ത് നൽകിയ സ്ത്രീധനത്തിന് പുറമേ പലപ്പോഴായി ഓരോ ആവശ്യങ്ങൾ നിരത്തി ഉണ്ണിയുടെ വീട്ടുകാർ പണം വാങ്ങിയെന്നും ഇതെല്ലാം ധൂർത്തടിച്ചതിന് പിന്നാലെ വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ സ്ത്രീധനത്തിന്റെ പേരിൽ മകളെ ഉപദ്രവിക്കാൻ തുടങ്ങിയെന്നും പ്രിയങ്കയുടെ അമ്മ പറയുന്നു.
പിന്നിട് കൊച്ചി കാക്കനാട്ടെ ഫ്ലാറ്റിന് അഡ്വാൻസ് നൽകാനും പുതിയ കാർ ബുക്ക് ചെയ്യാനുമായി മൂന്ന് ലക്ഷത്തോളം രൂപ നൽകിയതായും അവർ പറഞ്ഞു. മകളുടെ ഭാവിയോർത്ത് കടം വാങ്ങിയും പണം കൊടുക്കേണ്ടിവന്നു.