നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ പരിധിയിൽ കൊവിഡ് രണ്ടാംതരംഗത്തിന് ശമനം. രണ്ടാഴ്ചക്കിടെയുള്ള ഏറ്റവും കുറഞ്ഞ പോസിറ്റിവിറ്റി നിരക്കായ 20 ശതമാനത്തിന് താഴെയാണ് അഞ്ച് ദിവസമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ആകെ രോഗികളുടെ എണ്ണം ഏഴായിരത്തിൽ നിന്ന് 3712 ലേക്ക് താഴ്ന്നതും മരണനിരക്ക് കുറഞ്ഞതും ആശ്വാസമായിട്ടുണ്ട്. നഗരസഭയിലെ പരിശോധന കേന്ദ്രങ്ങളായ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്നും പൂവത്തൂർ യു.പി.എച്ച്.സിയിൽ 16 ഉം പോസിറ്റീവ് കേസുകൾ ഉൾപ്പടെ ആകെ 17 പേരിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ജില്ലാ ആശുപത്രിയുടെ കീഴിൽ 20 ഉം യു.പി.എച്ച്.സിയുടെ കീഴിൽ 582 ഉം രോഗികളാണ് ചികിത്സയിലുള്ളത്.
പത്ത് ദിവസത്തോളമായി ജില്ലാ ആശുപത്രിയിൽ കൊവിഡ് മരണം ഒന്നുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതേസമയം, യു.പി.എച്ച്.സി പരിധിയിൽ ഒന്നും രണ്ടും വീതം മരണം സംഭവിക്കുന്നുണ്ട്. ഒരാഴ്ചക്കിടയിൽ പത്തിലേറെപ്പേരാണ് മരിച്ചത്. ഇന്നലെ ഒരാളും തിങ്കളാഴ്ച 2 ഉം ശനിയാഴ്ച 3 ഉം പേർ വീതം യു.പി.എച്ച്.സിയുടെ കീഴിൽ മരിച്ചു. ആകെ 56 പേർ രണ്ടാം തരംഗത്തിൽ നെടുമങ്ങാട് നഗരസഭയിൽ മരിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. ജില്ലാ ആശുപത്രിയിൽ 231 ഉം യു.പി.എച്ച്.സിയിൽ 3,481 ഉം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നഗരസഭയിൽ ആകെ രോഗികൾ 3,712 പേരാണ്. പുതിയ സാഹചര്യത്തിൽ വാഹനങ്ങളുമായി നിരത്തുകളിൽ ഇറങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ വാഹന പരിശോധന ശക്തമായി തുടരാനും പ്രോട്ടോക്കോൾ ലംഘനത്തിന് കേസ് രജിസ്റ്റർ ചെയ്യാനും വാഹനങ്ങൾ പിടിച്ചെടുക്കാനും തീരുമാനിച്ചതായി നെടുമങ്ങാട് പൊലീസ് അറിയിച്ചു.