കോവളം: ഇന്നലെയുണ്ടായ അതിശക്തമായ കടൽക്ഷോഭത്തിൽ നിർമാണം പുരോഗമിക്കുന്ന വിഴിഞ്ഞം തുറമുഖത്ത് വീണ്ടും നാശം. പുലിമുട്ടുകൾ കടലെടുത്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പണിയുടെ ഭാഗമായിട്ടുള്ള പുലിമുട്ടിന്റെ കല്ലുകളാണ് ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ തിരയടിയിൽ ഒലിച്ചുപോയത്. ഏകദേശം 50 മീറ്റർ സ്ഥലത്തെ പുലിമുട്ടാണ് കടലെടുത്തത്. വിഴിഞ്ഞം പദ്ധതിക്കായി നിർമ്മാണം പൂർത്തിയായ ഭാഗത്തെ പുലിമുട്ടാണ് കടലെടുത്തിരിക്കുന്നത്. കാലാവസ്ഥ അനുകൂലമായ ശേഷമേ കൃത്യമായ നാശനഷ്ടം കണക്കാക്കാൻ സാധിക്കൂവെന്ന് അധികൃതർ അറിയിച്ചു.