നെയ്യാറ്റിൻകര: അടച്ചിടൽ കാലത്തും നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചീകരണം നടത്തിയും ചെടികൾ നട്ട് പരിപാലിച്ചും വേറിട്ട പ്രവർത്തനങ്ങളുമായി ഒരുകൂട്ടം ജീവനക്കാർ. നെയ്യാറ്രിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ പത്തോളം മെക്കാനിക്കൽ ജീവനക്കാരാണ് എല്ലാദിവസവും രാവിലെ ഡിപ്പോയിലെത്തി ശുചീകരണം, അറ്റകുറ്റപ്പണികൾ, ഉദ്യാന പാലനം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. ഡിപ്പോ എൻജിനിയർ സലിംകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡിപ്പോ ഗ്യാരേജിന്റെ വിവിധ ഭാഗങ്ങളിൽ ഭീഷണിയായി നിന്ന എട്ടോളം മരങ്ങളുടെ ശിഖരങ്ങൾ ജീവനക്കാർ ചേർന്ന് വെട്ടിമാറ്റി. ആരോഗ്യ പ്രവർത്തകർക്കായുള്ള ബസുകളിലും ഡിപ്പോ പരിസരവും ഓഫീസും എല്ലാ ദിവസവും അണുനശീകരണവും നടത്തുന്നുണ്ട്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് മെക്കാനിക്കുകൾ ചേർന്ന് ഗ്യാരേജിൽ അലങ്കാര ചെടികളടക്കമുളള നിരവധി ചെടികൾ നട്ടുപിടിപ്പിച്ചിരുന്നു. അതിന്റെ പരിപാലവും നടക്കുന്നുണ്ട്. ഗ്യാരേജിലെ തരിശുഭൂമിയിൽ വാഴ കൃഷിയും ചെയ്യുന്നുണ്ട്. കൂടാതെ ഇവർ ബസ് സ്റ്റാന്റിൽ അലഞ്ഞുതിരിയുന്ന നായകൾക്ക് ഭക്ഷണവും നൽകുന്നുണ്ട്. കഴിഞ്ഞ ദിവസം സമൂഹ അടുക്കളയിലേക്ക് ഒരു ചാക്ക് അരിയും ഇവർ നൽകിയിരുന്നു. പ്രവർത്തനങ്ങൾക്ക് എസ്. ബിജു, ജി. ജിജോ, ബിയാർ, മുരളി, സജീവ്, ബൈജു, പ്രശാന്ത്, വിനോദ്, രാജേഷ്, സുരേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. ജീവനക്കാരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട കെ. ആൻസലൻ എം.എൽ.എ, സോണൽ ഓഫീസർ ലോപ്പസ്, എ.ടി.ഒ മുഹമ്മദ് ബഷീർ എന്നിവർ ജീവനക്കാരെ അഭിനന്ദിച്ചു.
ക്യാപ്ഷൻ: നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ നേതൃത്വത്തിൽ ഡിപ്പോ പരിസരത്ത് ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു