തിരുവനന്തപുരം: നഗരസഭയുടെ കൊവിഡ് കൺട്രോൾ റൂം പ്രവർത്തനങ്ങൾക്കും കമ്മ്യൂണിറ്റി കിച്ചണുകൾക്കും സഹായവുമായി നിരവധിപേർ. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്കായി അദാനി ഗ്രൂപ്പ് 500 കിടക്കകൾ നൽകി. മന്ത്രി വി. ശിവൻകുട്ടി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേയർ ആര്യ രാജേന്ദ്രൻ ഏറ്റുവാങ്ങി. കൺട്രോൾ റൂം പ്രവർത്തനങ്ങൾക്കായി ഓൾ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെൽഫയർ കൾച്ചറൽ അസോസിയേഷൻ, ഉദാരശിരോമണി റോഡ് റസിഡന്റ്സ് അസോസിയേഷൻ എന്നിവർ കൊവിഡ് പ്രതിരോധ സാധനങ്ങൾ നൽകി. നഗരസഭയുടെ കോൺട്രാക്ട് വെഹിക്കിൾ ഡ്രൈവറായ സുനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള അവശ്യ സാധനങ്ങൾ കൈമാറി. വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ,​വ്യാപാരി വ്യവസായി സമിതി എന്നിവരും കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് സഹായങ്ങൾ നൽകിയിട്ടുണ്ട്. പട്ടം കൈലാസ് നഗർ സ്വദേശി പി.ജി.എൻ. വർമ്മ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 5,000 രൂപ സംഭാവന നൽകി.