ഇന്ത്യയിൽ കൊവിഡ് കുത്തനെ ഉയരുകയാണ്. രണ്ടാം തരംഗം ശക്തമായി തുടരുന്നതിനിടെ മൂന്നാം തരംഗത്തിന്റെ സാദ്ധ്യതകളെ പറ്റിയും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ, കൊവിഡിനെ ശക്തമായ വാക്സിനേഷൻ പ്രക്രിയകളിലൂടെയും പ്രതിരോധ മാനദണ്ഡങ്ങളിലൂടെയും ചെറുത്ത ഏതാനും രാജ്യങ്ങളുണ്ട്. ജനസംഖ്യയുടെ വലിയ ഒരു പങ്ക് വാക്സിൻ സ്വീകരിച്ചതോടെ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ലാതാക്കിയും കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചും പഴയകാലത്തേക്ക് മടങ്ങാൻ തുടങ്ങുകയാണ് ഏതാനും രാജ്യങ്ങൾ.
യു.എസ്.എ
വൻജനത്തിരക്കില്ലാത്ത പൊതു ഇടങ്ങളിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാസ്ക് നിർബന്ധമല്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. നടക്കാൻ ഇറങ്ങുമ്പോൾ, ഓഫീസ്, റെസ്റ്റോറന്റ് എന്നിവിടങ്ങളിലും രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് മാസ്കിന്റെ ആവശ്യമില്ല. എന്നാൽ, എയർപോർട്ട്, ട്രെയിൻ, സ്റ്റേഡിയം, ആശുപത്രി എന്നിങ്ങനെ ജനത്തിരക്കേറിയ ഇടങ്ങളിൽ മാസ്ക് നിർബന്ധമാണ്.
ഭൂട്ടാൻ
കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച ഇന്ത്യയുമായും, കൊവിഡിന്റെ ഉത്ഭവ കേന്ദ്രമായ ചൈനയുമായും അതിർത്തി പങ്കിടുന്ന കുഞ്ഞു രാജ്യമായ ഭൂട്ടാന് മഹാമാരിയെ പ്രതിരോധിക്കാൻ വിജയകരമായി കഴിഞ്ഞു. സമയോചിതമായ ഇടപെടൽ കാരണം ഭൂട്ടാന് കൊവിഡിന്റെ മാരക പ്രഹരമേൽക്കേണ്ടി വന്നില്ല. 16 ദിവസങ്ങൾ കൊണ്ട് രാജ്യത്തെ 93 ശതമാനം വരുന്ന മുതിർന്നവർക്ക് വാക്സിൻ നൽകാൻ ഭൂട്ടാന് കഴിഞ്ഞു. നിലവിൽ ഭീതിയില്ലെങ്കിലും ജാഗ്രത കൈവിട്ടിട്ടില്ല ഭൂട്ടാൻ.
ന്യൂസിലൻഡ്
തുടക്കം മുതൽ കൊവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യമാണ് ന്യൂസിലൻഡ്. കഴിഞ്ഞ വർഷം തന്നെ ന്യൂസിലൻഡ് മാസ്ക് നിർബന്ധമല്ലാതാക്കിയിരുന്നു. പ്രധാനമന്ത്രി ജസീന്ത ആർഡേന്റെ നേതൃത്വത്തിലുള്ള സർക്കാരിന് രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളെ 26 എന്ന സഖ്യയിൽ പിടിച്ചുകെട്ടാനായി. എങ്കിലും രാജ്യവ്യാപകമായുള്ള പൊതുഗതാഗത സംവിധാനങ്ങളിലും വിമാനങ്ങളിലും ആളുകൾ മാസ്ക് ഉപയോഗിക്കണം. അടുത്തിടെ മാസ്കോ സാമൂഹ്യ അകലമോ ഇല്ലാതെ 50,000 പേർ പങ്കെടുത്ത സംഗീത പരിപാടി ഓക്ക്‌ലൻഡിൽ നടത്തിയിരുന്നു. ന്യൂസിലൻഡ് കൊവിഡിനെ എത്രത്തോളം കീഴടക്കിയെന്നതിന് ഇത് ഉദാഹരണമാണ്.
ഇസ്രയേൽ
കൊവിഡ് മുക്തമായതായി പ്രഖ്യാപിച്ച ലോകത്തെ ആദ്യ രാജ്യമാണ് ഇസ്രയേൽ. മാസ്ക് നിർബന്ധമല്ലാതാക്കി മാറ്റുകയും ചെയ്തു. ഇസ്രയേലിലെ 70 ശതമാനം പേരും വാക്സിനേഷന് വിധേയമായവരും ഇപ്പോൾ മാസ്ക് ധരിക്കാത്തവരുമാണ്. എങ്കിലും വൻ ജനക്കൂട്ടമുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഉചിതമാണെന്നാണ് ഇസ്രയേൽ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങൾക്ക് നൽകുന്ന നിർദ്ദേശം.
ചൈന
കൊവിഡിന്റെ ഉത്ഭവകേന്ദ്രമായ ചൈന ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. മിക്കവരും വാക്സിൻ സ്വീകരിച്ചതിനാൽ മാസ്ക് അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ് ചൈനയിൽ. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെല്ലാം തുറന്നു. തീം പാർക്കുകളിലും മറ്റും മാസ്കില്ലാതെ ആഘോഷിക്കുന്ന ജനങ്ങളുടെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.